തിരുവനന്തപുരം: ഇൻസ്റ്റാഗ്രാം പേജ് തുടങ്ങുന്നതിനെ തുടർന്നുണ്ടായ തർക്കത്തിന്‍റെ പേരിൽ നഗരൂർ കൊടുവഴന്നൂർ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ തമ്മിലടിച്ചു. സംഘർഷത്തിൽ ഒരു വിദ്യാർഥിക്ക് പരിക്ക്. ഇന്നലെ സ്കൂളിന് പുറത്തായിരുന്നു സംഭവം. വിദ്യാർഥികൾ പുതിയതായി ഇൻസ്റ്റാഗ്രാം പേജ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. പ്ലസ് വൺ വിദ്യാർഥികൾ ഇൻസ്റ്റാഗ്രാം പേജ് തുടങ്ങുന്നത് പ്ലസ് ടു വിദ്യാർഥികൾ വിലക്കിയതാണ് സംഘർഷത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
പ്ലസ് വൺ വിദ്യാർഥികൾ ഇൻസ്റ്റാഗ്രാം പേജ് തുടങ്ങുന്ന വിവരം വിദ്യാർഥികളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ചർച്ചയായി. പിന്നാലെ വിദ്യാർഥികൾ ചേരി തിരിഞ്ഞ് വെല്ലുവിളിച്ചു. ഇതിനിടെ പ്ലസ് വൺ വിദ്യാർഥിയെ പ്ലസ് ടു വിദ്യാർഥികൾ വിളിച്ച് സ്കൂളിന് പുറത്തെ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് മർദിക്കുകയായിരുന്നു. ‘അടിക്കടാ അവനെ’ എന്ന് മറ്റ് വിദ്യാർഥികൾ പറയുമ്പോൾ ഒരു വിദ്യാർഥി പ്ലസ് വൺ ക്ലാസുകാരനെ മർദിച്ച് നിലത്തിടുന്നതും ഉൾപ്പടെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇതിന് ശേഷമാണ് ക്രൂരമായ ആക്രമണം നടന്നത്.
മർദനമേറ്റ കിളിമാനൂർ സ്വദേശിയായ പ്ലസ് വൺ വിദ്യാർഥിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം രക്ഷാകർത്താക്കളോടൊപ്പം അയച്ചു.സംഭവത്തിൽ നഗരൂർ പൊലീസ് വിദ്യാർഥികളുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി. എന്നാൽ പരുക്കേറ്റ വിദ്യാർഥിക്ക് പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതർ വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കും