അഹമ്മദാബാദ്: ഗുജറാത്തിലെ പടാന്‍ ജില്ലയില്‍ യുവതിയെ അയല്‍വാസി തീ കൊളുത്തി കൊന്നു. യുവതി കടം വാങ്ങിയ 5,000 രൂപ തിരിച്ചടയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. രണ്ട് മക്കളുടെ അമ്മ കൂടിയായ 35കാരി പിങ്കി ബെന്‍ പട്ണിയാണ് കൊല്ലപ്പെട്ടത്. ഏഴുവര്‍ഷം മുന്‍പാണ് പിങ്കിയുടെ ഭര്‍ത്താവ് മരിച്ചത്. ഇതോട കുടുംബം നോക്കിയിരുന്നത് പിങ്കിയാണ്. കടുത്ത സാമ്പത്തിക പ്രശ്‌നത്തിലായിരുന്നു പിങ്കിയുടെ കുടുംബം. വീട്ടുചെലവുകള്‍ക്കായാണ് ഒരുമാസം മുന്‍പ് യുവതി അയല്‍വാസിയായ ബാബുഭായ് റാവലിന്റെ കയ്യില്‍ നിന്ന് 5000 രൂപ കടം വാങ്ങിയത്. പലിശ ചോദിച്ച് റാവല്‍ നിരന്തരം വീട്ടിലെത്തി പിങ്കിയെ പീഡിപ്പിച്ചിരുന്നെന്ന് കുടുംബം ആരോപിച്ചു. തര്‍ക്കം തീര്‍ക്കാനായി മറ്റൊരു അയല്‍വാസിയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷമാണ് യുവതിയെ ഇയാള്‍ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. പണം തിരികെ നല്‍കാന്‍ രണ്ട് ദിവസം കൂടി സമയം തരണമെന്ന് പിങ്കി അഭ്യര്‍ഥിച്ചെങ്കിലും ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നു.
പിങ്കിയുടെ കുടുംബം പറയുന്നതനുസരിച്ച് പണത്തെ ചൊല്ലി റാവലും പിങ്കിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇത് പറഞ്ഞ് തീര്‍ക്കാനായി സമീപവാസിയായ ജിതുഭായ് പാഞ്ചലിന്റെ വീടിനടുത്തേക്ക് ബാബുഭായ് പിങ്കിയെ വിളിച്ചുവരുത്തി. അവിടെ വച്ച് പണം തിരികെ നല്‍കാന്‍ രണ്ട് ദിവസം കൂടി സമയം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും റാവല്‍ അത് നിരസിച്ചു. ചായ എടുക്കാന്‍ പോകുന്നു, നമുക്ക് ഒന്നിച്ച് കുടിക്കാം എന്ന് പറഞ്ഞാണ് റാവല്‍ അവിടെ നിന്ന് പോയത്. എന്നാല്‍ പെട്രോള്‍ കുപ്പിയുമായി തിരികെ എത്തി യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പിങ്കിയെ ആദ്യം ധാര്‍പൂര്‍ സിവില്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കൂടുതല്‍ ചികിത്സയ്ക്കായി അഹമ്മദാബാദ് സിവില്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിക്കും ഗുരുതര പൊള്ളലേറ്റു. ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. സംഭവ സ്ഥലത്തുണ്ടായ അയല്‍വാസി ജിതുഭായിയുടെ പങ്കും അന്വേഷിക്കണമെന്ന് പിങ്കിയുടെ കുടുംബം ആവശ്യപ്പെട്ടു.