തൊടുപുഴയിലെ ശ്രീ അന്നപൂർണേശ്വരി നവഗ്രഹ ഭദ്രകാളിക്ഷേത്രത്തിൽ ഞായറാഴ്ച നടന്ന വിവാഹത്തിന് പ്രത്യേകതകളേറെ. പ്രണയത്തിന് രാജ്യാതിർത്തികളോ ദേശവ്യത്യാസങ്ങളോ ഇല്ലെന്ന് തെളിയിക്കുകയായിരുന്നു ഇന്ത്യൻ വംശജയായ മൗറീഷ്യസുകാരി രാധിക സോബിച്ചനും വെങ്ങല്ലൂർ തടത്തിൽ വീട്ടിൽ ടി.എസ്. ജയകുമാറും തമ്മിലുള്ള വിവാഹം.
ഏഴു വർഷത്തോളം നീണ്ട പ്രണയം വിവാഹത്തിലെത്തിയപ്പോൾ അനുഗ്രഹാശംസകളേകാൻ രാധികയുടെ കുടുംബത്തിനൊപ്പം അടുത്ത ബന്ധുക്കളും അയല്ക്കാരും കടൽകടന്നെത്തി. മൗറീഷ്യസിലെ ആശുപത്രിയിൽ ക്ലിനിക്കൽ എജുക്കേറ്ററാണ് ജയകുമാർ. രാധിക ഇതേ ആശുപത്രിയിൽ നഴ്‌സും.സൗഹൃദം പ്രണയത്തിന് വഴിമാറിയതോടെ ഇരുവരുടെയും വീട്ടുകാർക്ക് വിവാഹത്തിന് പൂർണ സമ്മതം. ഇതോടെ പ്രണയത്തിന് തൊടുപുഴയിൽ സാക്ഷാത്കാരമായി. ശശിയാണ് ജയകുമാറിന്റെ അച്ഛൻ. അമ്മ: രമ, സഹോദരി ജയസൂര്യ. സുദേഷ് ബോബിച്ചൻ-അനാമിക ദമ്പതിമാരുടെ മകളാണ് രാധിക. സഹോദരി: ശിവിക.