ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന പ്രതിഷേധക്കാരുടെ ആവശ്യം സർക്കാർ അംഗീകരിച്ചേക്കില്ലെന്ന് റിപ്പോർട്ട്. മറ്റ് ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന ചർച്ചയിൽ കോക്രോച്ച് ജനതാ പാർട്ടിയെ (സിജെപി) കേന്ദ്രസർക്കാർ അറിയിക്കും. ധർമ്മേന്ദ്ര പ്രധാനെ മാറ്റിയാൽ കൂടുതൽ സമരങ്ങൾക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തൽ. രാജി ആവശ്യം അംഗീകരിച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്നാണ് സിജെപി നേരത്തേ പ്രഖ്യാപിച്ചിരുന്നത്. 24 മണിക്കൂറിൽ പാർലമെന്റ് മാർച്ച് വീണ്ടും തുടങ്ങുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നാണ് വിഷയത്തിൽ ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്റെ പ്രതികരണം. സമവായവും ചർച്ചയും ആണ് വേണ്ടതെന്നും നിർദേശം നൽകി. അതേസമയം, സിജെപി പ്രതിഷേധത്തെത്തുടർന്ന് ജന്തർ മന്ദറിൽ വീണ്ടും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. സ്ഥലത്ത് കൂടുതൽ ബാരിക്കേഡുകൾ നിരത്തി.18 മെട്രോ സ്റ്റേഷനുകൾ ഇന്നും അടച്ചിടുമെന്നാണ് വിവരം.