ജന്തർ മന്തറിലെ പ്രതിഷേധക്കാർക്കെതിരായ അധിക്ഷേപ പരാമർശം; മേജർ രവിക്ക് വക്കീൽ നോട്ടീസ്

കൊച്ചി: ജന്തർ മന്തറിൽ പ്രതിഷേധം നടത്തുന്നവർക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ മേജർ രവിക്ക് വക്കീൽ നോട്ടീസ്. പ്ലസ് ടു വിദ്യാർത്ഥിനിയായ മാളവികയാണ് നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും സോഷ്യൽ മീഡിയയിൽ നിന്നും വീഡിയോ നീക്കം ചെയ്യണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കോക്രോച്ച് ജനത പാര്‍ട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മോഹൻലാലിന്റെ മകളും നടിയുമായ വിസ്‌മയ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ വിസ്‌മയയെ വിമര്‍ശിച്ചുകൊണ്ട് മേജര്‍ രവി രംഗത്തെത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്കിൽ പങ്കുവച്ച വീഡിയോയിലാണ് പ്രതിഷേധക്കാരെ അധിക്ഷേപിച്ചുകൊണ്ടുള്ള പരാമർശങ്ങൾ നടത്തിയത്. വിയറ്റ്‌നാമിൽ ജനിച്ചുവളർന്ന വിസ്‌മയയ്ക്ക് കാര്യമായ രാഷ്ട്രീയ വിദ്യാഭ്യാസമില്ലെന്നായിരുന്നു മേജർ രവിയുടെ പ്രതികരണം. പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ മർദിക്കുന്നത് കണ്ടപ്പോൾ മനുഷ്യത്വത്തിന് പുറത്താണ് വിസ്‌മയ പോസ്റ്റിട്ടതെന്നും അദ്ദേഹം പറഞ്ഞു.

പ്രക്ഷോഭങ്ങൾക്ക് പിന്നിൽ വിദേശ ഗൂഢാലോചനയുണ്ടെന്നും സമരക്കാർക്ക് ഫണ്ട് ലഭിക്കുന്നുണ്ടെന്നും മേജർ രവി പറഞ്ഞു. കോൺഗ്രസ് സർക്കാരിന്റെ കാലത്തും ചോദ്യപേപ്പ‌ർ ചോർന്നിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വീട് ഈ രാജ്യത്തെ ഏറ്റവും ഉയർന്ന സുരക്ഷയുള്ള മേഖലയാണ്. അവിടെപ്പോയി പ്രതിഷേധിക്കാൻ നോക്കിയാൽ പൊലീസ് നടപടിയുണ്ടാകും. സമാധാനപരമായി പ്രതിഷേധിക്കുന്നു എന്ന് പറയുന്നവർ പൊലീസിന്റെ വണ്ടികൾ തകർക്കുന്നു, പൊലീസിന് നേരെ പെപ്പർ സ്‌പ്രേ അടിക്കുന്നു. ഇതിന് തിരിച്ചടി കിട്ടുമെന്നും മേജർ രവിയുടെ വീഡിയോയിൽ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *