വിവാഹനിശ്ചയം വരെ എത്തിയ അഭിഷേക് ബച്ചൻ–കരിഷ്മ കപൂർ പ്രണയ ബന്ധം തകർന്നതിന്റെ കാരണം വെളിപ്പെടുത്തി നടൻ മുഹമ്മദ് ഉമര്‍ മുക്രിയുടെ മകൾ നസിം മുക്രി. വിവാഹം മുടക്കിയത് കരിഷ്മയുടെ അമ്മ ബബിതയാണെന്നാണ് വെളിപ്പെടുത്തല്‍. വിക്കി ലാല്‍വനിയുമായുള്ള അഭിമുഖത്തിലാണ് ബോളിവുഡിനെ പിടിച്ചുകുലുക്കുന്ന ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
‘ഹാം മേം നെ ഭീ പ്യാര്‍ കിയാ’യുടെ ചിത്രീകരണത്തിനിടയിലാണ് കരിഷ്മയും അഭിഷേകും പ്രണയത്തിലായതെന്നാണ് പുറത്ത് അറിയുന്നതെങ്കിലും അതിനും മുന്‍പെ ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് നസിം പറയുന്നു. തുടക്കം മുതല്‍ തന്നെ ബബിത ഈ ബന്ധത്തെ എതിര്‍ത്തിരുന്നു. അക്കാലത്ത് അഭിഷേകിനെക്കാള്‍ വലിയ താരം കരിഷ്മയായിരുന്നുവെന്നും കരിഷ്മയെ വിവാഹം കഴിക്കണമെങ്കില്‍ കോടികള്‍ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് ബബിത ആവശ്യപ്പെട്ടുവെന്നും ബച്ചൻ കുടുംബം ഇത് എതിർത്തതോടെയാണ് വിവാഹം മുടങ്ങിയതെന്നും നസിം പറയുന്നു.
പ്രണയത്തിലായിട്ടും അഭിഷേകിനോട് പണം ആവശ്യപ്പെട്ടതിനെ കരിഷ്മ അനുകൂലിച്ചോ എന്ന വിക്കിയുടെ ചോദ്യത്തിന് ‘‘ബബിത കര്‍ക്കശക്കാരിയായ അമ്മയാണ്’ എന്നായിരുന്നു നസിമിന്റെ മറുപടി. ‘‘ബബിതയുടെ നിയന്ത്രണം സഹിക്കാന്‍ വയ്യാതെയാണ് സഹോദരി കരീന സ്വന്തമായി താമസിക്കാന്‍ തുടങ്ങിയത്. കരിഷ്മയ്ക്ക് അതിനുള്ള ധൈര്യമുണ്ടായില്ല. ബബിത ഒരു ഹിറ്റ്ലര്‍ ആയിരുന്നു,’’ നസിം പറഞ്ഞു.
വിവാഹത്തിന് മുന്‍പ് കോടികൾ കരിഷ്മയുടെ അക്കൗണ്ടില്‍ അഭിഷേക് നിക്ഷേപിക്കണമെന്നും വിവാഹമോചനം സംഭവിച്ചാല്‍ ഇതിനു പുറമെ മറ്റൊരു സംഖ്യയും നല്‍കണമെന്നുമായിരുന്നു ബബിതയുടെ ആവശ്യം. ബച്ചന്‍ കുടുംബം ഈ ആവശ്യം നിരസിച്ചു. അങ്ങനെ ബന്ധം അവസാനിപ്പിക്കുകയും കരിഷ്മ സഞ്ജയ് കപൂറിനെ വിവാഹം കഴിക്കുകയുമായിരുന്നു.
“അവർക്ക് ഈ പ്രണയബന്ധം തുടക്കം മുതലേ ഇഷ്ടമായിരുന്നില്ല. വിവാഹത്തിന് മുൻപ് കോടികൾ അക്കൗണ്ടിലേക്ക് കൈമാറിയാൽ മാത്രമേ തന്നെ വിവാഹം കഴിക്കാൻ കഴിയൂ എന്ന് അഭിഷേകിനോട് ആവശ്യപ്പെടാൻ കരിഷ്മയോട് അവർ പറഞ്ഞു. കാരണം, അക്കാലത്ത് അവൾ അഭിഷേകിനേക്കാൾ വലിയൊരു താരമായിരുന്നു. വിവാഹത്തിന് മുൻപ് അഭിഷേക് പണം കൈമാറണം എന്നതായിരുന്നു കരാർ. കൂടാതെ, വിവാഹമോചനം ഉണ്ടായാൽ കരിഷ്മയ്ക്ക് ഒരു നിശ്ചിത തുക ലഭിക്കാനും അർഹതയുണ്ടാകുമായിരുന്നു. എന്നാൽ ബച്ചൻ കുടുംബം അതിനോട് യോജിച്ചില്ല. അങ്ങനെ വിവാഹനിശ്ചയം മുടങ്ങി,’’ നസിം കൂട്ടിച്ചേർത്തു
നസിമിന്‍റെ വെളിപ്പെടുത്തലുകള്‍ കരിഷ്മയോ, അഭിഷേകോ, ബബിതയോ, ബച്ചന്‍ കുടുംബത്തിലെ മറ്റാരെങ്കിലുമോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ബന്ധം അവസാനിപ്പിക്കാനുള്ള കാരണവും ഇതുവരെയും ആരും പൊതുവിടത്തില്‍ തുറന്നു പറഞ്ഞിട്ടുമില്ല. കരിഷ്മ–അഭിഷേക് ബന്ധത്തെക്കുറിച്ച് പല കഥകളും പ്രചരിച്ചിരുന്നുവെങ്കിലും താരങ്ങള്‍ മനസ്സു തുറക്കാത്തതിനെ തുടര്‍ന്ന് അവ വെറും കഥകളായി തന്നെ അവശേഷിക്കുകയായിരുന്നു.
അമിതാഭ് ബച്ചന്റെ 60-ാം പിറന്നാൾ ആഘോഷങ്ങൾക്കിടെയാണ് കരിഷ്മയും അഭിഷേകും തങ്ങളുടെ പ്രണയം പരസ്യമാക്കിയത്. 2002ൽ വിവാഹനിശ്ചയം നടന്നു. എന്നാൽ മാസങ്ങൾക്ക് ശേഷം ഇരുവരും വേർപിരിയുകയായിരുന്നു. 2003ല്‍ കരിഷ്മ ഡല്‍ഹി സ്വദേശിയായ വ്യവസായി സഞ്ജയ് കപൂറിനെ വിവാഹം കഴിച്ചു. 2007ല്‍ അഭിഷേക് ഐശ്വര്യ റായിയെയും വിവാഹം ചെയ്തു.
കരിഷ്മ കപൂറും അഭിഷേക് ബച്ചനും തമ്മിലുണ്ടായിരുന്ന പ്രണയബന്ധത്തെക്കുറിച്ചും പിന്നീട് വിവാഹം മുടങ്ങാനുമുണ്ടായ സാഹചര്യത്തെക്കുറിച്ചും ‘ഹാം മേം നേ ഭി പ്യാര്‍ കിയാ’ സംവിധായകനായ സുനീൽ ദർശനും ഇതേ പോഡ്കാസ്റ്റ് ചാനലിൽ മുൻപ് സംസാരിച്ചിരുന്നു. വിവാഹം വേണ്ടെന്ന തീരുമാനമെടുക്കുന്ന സമയത്ത് താനും കരിഷ്മയുടെ വീട്ടിൽ ഉണ്ടായിരുന്നുവെന്ന് അന്ന് സുനീൽ ദർശൻ പറഞ്ഞിരുന്നു.
‘‘എന്റെ ചിത്രമായ ‘ഏക് റിഷ്താ’യുടെ ചിത്രീകരണത്തിനും മുൻപെ തന്നെ ഇവരുടെ പ്രണയം ആരംഭിച്ചിരുന്നു. പിന്നീട് അതു വളർന്നു. ‘ഹാ മേം നേ ഭി പ്യാർ കിയാ’ എന്ന ചിത്രത്തിന്റെ ആലോചന നടക്കുന്ന സമയത്ത് വിവാഹം തീരുമാനിച്ചിരുന്നു. അമിതാഭ് ബച്ചന്റെ മകനും രാജ് കപൂറിന്റെ പേരക്കുട്ടിയും ചേരുമ്പോൾ അതൊരു മനോഹരമായ കൂട്ടുകെട്ടായിരുന്നു.
പിന്നീട് അതേ ബന്ധം വേണ്ടെന്നുവയ്ക്കുന്ന സമയത്ത് അവിചാരിതമായി കരിഷ്മയുടെ വീട്ടിൽ ഞാനുമുണ്ടായിരുന്നു. ആ വിവാഹം മുടങ്ങിയത് നിർഭാഗ്യകരമാണ്. പിന്നീട് പുതുവത്സരാഘോഷത്തിനായി കരിഷ്മ ബാങ്കോക്കിലേക്ക് പോയി, പെട്ടെന്നാണ് സഞ്ജയ് കപൂറിനെ വിവാഹം കഴിക്കാൻ പോകുന്നുവെന്ന വാർത്ത കേട്ടത്. ആ തീരുമാനം എനിക്ക് ഒരിക്കലും മനസ്സിലായില്ല,’’ അദ്ദേഹം വ്യക്തമാക്കി.
ഇരുവരുടെയും വേർപിരിയലിന് പിന്നിലെ കാരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ‘‘ആളുകൾ കരിഷ്മയുടെ അമ്മ ബബിതയെയോ, അഭിഷേകിന്റെ അമ്മ ജയാ ബച്ചനെയോ, കരിഷ്മയെയോ അഭിഷേകിനെയോ ഒക്കെ കുറ്റപ്പെടുത്താറുണ്ട്. എന്നാൽ ഇതെല്ലാം വിധിക്ക് വിട്ടുകൊടുക്കണമെന്നാണ് എനിക്ക് തോന്നുന്നത്. അവർ തമ്മിൽ വളരെ ഗാഢമായ ബന്ധമായിരുന്നു. പ്രണയം ഓരോ ആളുകളിലും ഓരോ രീതിയിലാണ് അനുഭവപ്പെടുന്നത്. അവർക്കിടയിൽ നിരന്തരം അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു,’’ സുനീൽ ദർശൻ കൂട്ടിച്ചേർക്കുന്നു.