കിളിമാനൂർ: കിളിമാനൂരിൽ കാഴ്ചയുടെ വിരുന്നൊരുക്കി ജേഡ് വൈൻ പൂത്തിറങ്ങി.പുളിമാത്ത് ചട്ടിണി മാമി – ഹാപ്പിക്കോ റസ്റ്റോറന്റിലാണ് ഫിലിപ്പീൻസിലെ മഴക്കാടുകളിൽ സ്വഭാവികമായി കാണുന്ന വള്ളിച്ചെടിയായ ചുവന്ന ജേഡ് വൈൻ പൂത്തിറങ്ങിയത്.
തൃശൂർ മണ്ണുത്തിയിൽ നിന്ന് ഒരു വർഷം മുൻപ് വാങ്ങിയ തൈകളാണ് നട്ടത്.റെസ്റ്റോറന്റ് ഗാർഡന്റെ മദ്ധ്യഭാഗത്ത് സ്ഥാപിച്ച ആർച്ചിലായിരുന്നു വള്ളികൾ പടർത്തിയത്.പൂത്ത് തുടങ്ങിയപ്പോൾ തീ നാളം പോലെ പൂക്കൾ. വേഴാമ്പലിന്റെ ചുണ്ട് പോലെ തോന്നുന്ന പൂക്കുലകൾ കാണുന്നതിനാൽ ഇതിനെ വേഴാമ്പൽ പൂവ് എന്നും വിളിക്കാറുണ്ട്.കേരളത്തിലെ തനതു കലാവസ്ഥയിലും ജേഡ് വൈൻ നന്നായി വളരുകയും പൂക്കുകയും ചെയ്യും. വിത്തുമുളപ്പിച്ചും,വള്ളിയിൽ പതിവച്ചു വേരുമുളപ്പിച്ചും ഇവയുടെ തൈകൾ നട്ടു വളർത്താനാകും. ബലമുള്ള പന്തലുകളിലോ കമാനങ്ങളിലോ ഇവ പടർത്തി വളർത്താം. കാര്യമായ പരിചരണമൊന്നുമില്ലാതെ ഇവ രണ്ട് – മൂന്ന് വർഷങ്ങൾ കൊണ്ട് പൂവിടുമെന്ന് റെസ്‌റ്റോറന്റ് ഉടമകളായ മഹേഷും മനേഷും പറയുന്നു. നിത്യഹരിതാഭമാർന്ന ഇലപ്പരപ്പുള്ള ഇവ തണലും കുളിർമ്മയും നൽകും.
തിളങ്ങുന്ന ചുവപ്പ്,സമുദ്രനീല നിറങ്ങളിൽ പൂക്കളുള്ളവയാണ് ജേഡ് വൈൻ. വേനൽക്കാലത്തിനൊടുവിലാണ് പൂവിടുന്നതെങ്കിലും ഇടയ്ക്ക് മറ്റ് സമയങ്ങളിലും പൂക്കൾ വിരിയാറുണ്ട്. പത്ത് ദിവസത്തോളം പൂക്കൾ കൊഴിയാതെ നിൽക്കും. ബീൻസിന്റെ ആകൃതിയിലുള്ള വലിയ കായ്കളും ഉണ്ടാകാറുണ്ട്.