വീടിന്റെ ടോയ്‌ലറ്റിൽ ഏഴടി നീളമുള്ള മുതല

ഗാന്ധിനഗർ: വീടിന്റെ ടോയ്‌ലറ്റിൽ ഏഴടി നീളമുള്ള മുതലയെ കണ്ടെത്തി. ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ അർദ്ധരാത്രിയിലായിരുന്നു സംഭവം. വീട്ടുമുറ്റത്ത് വളർത്തുനായ്ക്കളുടെ നിർത്താതെയുള്ള കുര കേട്ട് വീട്ടുടമ പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ടോയ്‌ലറ്റിന‌ുള്ളിൽ ഭീമാകാരനായ മുതലയെ കണ്ട ഉടൻതന്നെ പരിഭ്രാന്തരായി കുടുംബാംഗങ്ങൾ വനംവകുപ്പിനെ വിവരം അറിയിച്ചു.

വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രാദേശിക വൈൽഡ് ലൈഫ് റെസ്‌ക്യൂ ഫൗണ്ടേഷന്റെ വോളന്റിയർമാരും ചേർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ മുതലയെ സുരക്ഷിതമായി പിടികൂടി. തുടർന്ന് അടുത്തുള്ള കുളത്തിൽ മുതലയെ തുറന്നുവിടുകയായിരുന്നു.

മുതലയെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. വസ്ത്രങ്ങളും വീട്ടുപകരണങ്ങളും ചിതറിക്കിടക്കുന്ന ടോയ്‌ലറ്റിൽ നിന്ന് വടിയും കയറും ഉപയോഗിച്ച് മുതലയെ പുറത്തേക്ക് വലിച്ചുകയറ്റാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

മഴക്കാലത്ത് ഇത്തരം സംഭവങ്ങൾ കൂടുതലായി സംഭവിക്കാറുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ജലനിരപ്പ് ഉയരുന്നത് മുതലകളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ നിന്ന് പുറത്തുവരാൻ നിർബന്ധിതരാക്കുന്നു. ഭക്ഷണം തേടിയോ ശരീര താപനില നിയന്ത്രിക്കുന്നതിനോ വേണ്ടി ഉരഗങ്ങൾ പലപ്പോഴും അടുത്തുള്ള ജനവാസ കേന്ദ്രങ്ങളിലേക്ക് കടക്കാറുണ്ട്.

അയൽ ഗ്രാമമായ മലതാജിൽ നൂറിലധികം മുതലകൾ വസിക്കുന്ന ഒരു കുളം ഉണ്ടെന്നും, കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമ്പോൾ അവിടെ നിന്നും മുതലകൾ റോഡുകളിലേക്കും വീടുകളിലേക്കും അലഞ്ഞുതിരിയാനുള്ള സാദ്ധ്യത കൂടുതലാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *