തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തനാശവും ദുരിതവും വിതച്ച മഴയിൽ മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ നീത കെ ഗോപാൽ പറഞ്ഞു. എല്ലാ ജില്ലകളിലും രണ്ട് ദിവസത്തേക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഓറഞ്ച് അലർട്ടാണ് പുറപ്പെടുവിച്ചത്. വ്യാപകമായി മഴ കിട്ടുമെന്നായിരുന്നു കണക്കുകൂട്ടൽ. മലയോരമേഖലകളിൽ വെള്ളം ഒഴുകിപ്പോകാൻ സാധിക്കാതിരുന്നതിനാൽ മിന്നൽപ്രളയമുണ്ടാകുകയായിരുന്നെന്നും കാലാവസ്ഥാ വകുപ്പ് ഡയറക്ടർ പറഞ്ഞു.
മഴയുടെ ആഘാതം വരുംദിവസങ്ങളിലും തുടരും. പല സ്ഥലങ്ങളിലും നദികളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. വെള്ളച്ചാലുകൾ എല്ലാം തടസ്സങ്ങളില്ലാതെയാക്കുക എന്നതാണ് പ്രധാനമെന്നും നീത കെ ഗോപാൽ പറഞ്ഞു.
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുണ്ടായിട്ടും ഓറഞ്ച് അലർട്ടുമാത്രം നൽകിയെന്ന ആരോപണം ശക്തമാണ്. റെഡ് അലർട്ടിന് സമാനമായി മഴപെയ്യുമെന്ന് അർദ്ധരാത്രി കഴിഞ്ഞശേഷമാണ് മുന്നറിയിപ്പ് വന്നത്. നദികളിൽ പ്രളയസമാന രീതിയിൽ ജലനിരപ്പുയരുമെന്ന് ശനിയാഴ്ച രാവിലെ പത്തിനുശേഷമാണ് മുന്നറിയിപ്പ് നൽകിയത്. അപ്പോഴേക്കും പലയിടങ്ങളിലും വെള്ളംകയറിയിരുന്നു.
മിന്നൽ പ്രളയമുണ്ടായിട്ടും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ സർക്കാർ തലത്തിൽ വൻ വീഴ്ചയുണ്ടായെന്ന ആരോപണവും ഉയരുന്നുണ്ട്.ഇതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും ഓഫീസുകൾക്കുണ്ടായത് പൊറുക്കാനാവാത്ത വീഴ്ചയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിയുന്നവർക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്നതിലും വീഴ്ചണ്ടായി. ആഹാരസാധനങ്ങളും മരുന്നുകളും പല ക്യാമ്പുകളിലും ആവശ്യത്തിന് ലഭിക്കുന്നില്ലെന്നാണ് പരാതി.
പത്തനംതിട്ടയിൽ മഴമുന്നറിയിപ്പ് നൽകുന്നതിൽ സംസ്ഥാന സർക്കാരിന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞത്. സർക്കാർ സ്പോൺസേർഡ് വെള്ളപ്പൊക്കമാണുണ്ടായതെന്നും മൂഴിയാർ ഡാം തുറന്നതിൽ മുന്നറിയിപ്പുണ്ടായില്ലെന്നും രാജു എബ്രഹാം മാദ്ധ്യമങ്ങളോട് പറഞ്ഞു.