ഗ്ലൗസെസ്റ്റർ, മാസച്യുസിറ്റ്‌സ്∙ ലോക പ്രശസ്ത യുട്യൂബർ താൻ ദയാവധം സ്വീകരിക്കാൻ പോകുന്നതായി വെളിപ്പെടുത്തി രംഗത്ത്. സ്വിറ്റ്‌സര്‍ലൻഡില്‍ വച്ച് ഡോക്ടറുടെ സഹായത്തോടെ ദയാവധം സ്വീകരിക്കുന്നതിനാണ് മാക്സ് ഗിലാർഡി (38) പദ്ധതിയിട്ടിരിക്കുന്നത്. മാസച്യുസിറ്റ്‌സിലെ ഗ്ലൗസെസ്റ്റർ സ്വദേശിയാണ് മാക്സ്. ഞായറാഴ്ച തന്റെ പേജിൽ മുൻപ് റെക്കോർഡ് ചെയ്ത വിഡിയോ പങ്കുവച്ചാണ് മാക്സ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഗുരുതരമായ രോഗവുമായി മല്ലിടുകയാണ്. സാധ്യമായ എല്ലാ പരിഹാരമാർഗങ്ങളും തേടി. ഒന്നും ഫലം കാണാത്ത സാഹചര്യത്തിലാണ് യുഎസിൽ നിന്ന് സ്വിറ്റ്സർലൻഡിലേക്ക് ദയാവധം സ്വീകരിക്കാൻ പോകുന്നതിനുള്ള പദ്ധതി തയാറാക്കിയത് എന്നാണ് മാക്സ് വ്യക്തമാക്കുന്നത്.
ഫൈബ്രോമയാൾജിയ, രക്തത്തിലെ ചുവന്ന രക്താണുക്കൾ അമിതമായി വർധിക്കുന്ന അവസ്ഥ എന്നിവയ്ക്ക് പുറമെ ഡോക്ടർമാർക്ക് കണ്ടെത്താൻ സാധിക്കാത്ത മറ്റ് പല ആരോഗ്യപ്രശ്നങ്ങളും തന്നെ അലട്ടുന്നുണ്ട്. ഇവ കാരണം ശരീരം മുഴുവൻ തീവ്രവേദനയാണ് അനുഭവിക്കുന്നത്. വേദന കാരണം വിശ്രമിക്കാൻ ദീർഘ നേരം കിടന്നു. എന്നിട്ടും വേദന വിട്ടുമാറിയില്ല. ഉറങ്ങാനും പ്രയാസം നേരിടുന്നുണ്ട്. വായിൽ നിന്ന് ഉമിനീർ ഒലിക്കുക, മസ്തിഷ്ക മന്ദത, സംസാരിക്കാൻ ബുദ്ധിമുട്ട് എന്നിവയും അലട്ടുന്നുണ്ട്. വായിൽ നിന്ന് ഉമിനീർ ഒലിക്കുന്നത് ഭ്രാന്ത് പിടിപ്പിക്കുന്നതിന് സമാനമായ അനുഭവമാണ്.
മെഡിക്കൽ ബില്ലുകളും വർധിച്ച് വരികയാണ്. എംആർഐയ്ക്ക് മാത്രം 900 ഡോളർ ചെലവഴിക്കേണ്ടി വന്നു. എന്നിട്ടും രോഗം കണ്ടെത്താനോ ചികിത്സ ആരംഭിക്കാനോ സാധിച്ചില്ല. നിലവിൽ ജീവിച്ചിരിക്കുന്നതാണ് ഏറ്റവും ചെലവേറിയ കാര്യം. എല്ലാപ്പോഴും മെഡിക്കൽ ബില്ലുകൾ കാരണം കയ്യിലെ പണം തീർന്നു പോകുകയാണ്.
ഒരു വർഷമായി ദയാവധം സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ഇതായിരിക്കും തന്റെ ജീവിതത്തിന്റെ സ്വാഭാവിക അന്ത്യമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മൈ ലിറ്റിൽ പോണി എന്ന ആനിമേറ്റഡ് ടിവി സീരീസിന്റെ അഡൾട്ട് പാരഡിയാണ് സൈബർ ലോകത്ത് മാക്സിനെ ശ്രദ്ധേയനാക്കിയത്. മാധ്യമ വിശകലന പരമ്പരയായ ‘ബ്രെയിൻ ഡംപ്’ നടത്തുന്ന മാക്സ് യൂട്യൂബർ എന്ന നിലയിലാണ് കൂടുതൽ അറിയപ്പെടുന്നത്. hotdiggedydemon എന്നാണ് മാക്സിന്റെ യൂട്യൂബ് ചാനൽ അറിയപ്പെടുന്നത്.