മലയാളിയുടെ വിയോഗത്തിൽ മനംനൊന്ത് പ്രവാസ സമൂഹം

റെഡ്ഹിൽ/കോട്ടയം∙  ഭാര്യയുടെയും മക്കളുടെയും കൈപിടിച്ച് പുതിയൊരു ജീവിതം സ്വപ്നം കണ്ട് മൂന്നുവർഷം മുൻപ് യുകെയിലെത്തിയ പാലാ സ്വദേശി ബിനോയ് ജോർജിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലാണ് കുടുംബവും സുഹൃത്തുക്കളും. രണ്ടാഴ്ചയോളം നീണ്ട ശാരീരിക അസ്വസ്ഥതകൾക്കൊടുവിൽ രക്താർബുദം സ്ഥിരീകരിക്കുകയും ചികിത്സയ്ക്കിടെ ആരോഗ്യനില വഷളാവുകയും ചെയ്ത ബിനോയ് ഓഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് 12.30 ഓടെയാണ് വിടപറഞ്ഞത്. കോട്ടയം പാലാ കരിമ്പനി തെക്കേമയിലാടിയിൽ ജോർജിന്റെയും ത്രേസ്യാമ്മയുടെയും മകനാണ്. മൂന്നുവർഷം മുൻപാണ് ഭാര്യ ഷീബയ്ക്കും രണ്ടു മക്കൾക്കുമൊപ്പം യുകെയിലെ സറെയിലുള്ള റെഡ്ഹില്ലിൽ എത്തിയത്.

കെയർ വർക്കർ വീസയിലെത്തിയ ഷീബ ഫേൺഡെയിൽ നഴ്സിങ് ഹോമിൽ ജോലി ചെയ്യുകയാണ്. ബിനോയ് ടെസ്കോ വെയർഹൗസിൽ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്തുവരികയായിരുന്നു. രണ്ടാഴ്ചയോളമായി അനുഭവപ്പെട്ട ശാരീരിക അസ്വസ്ഥതകളെ തുടർന്ന് റെഡ്ഹിൽ ആശുപത്രിയിൽ ചികിത്സ തേടിയ ബിനോയിയെ പിന്നീട് വിദഗ്ധ പരിശോധനയ്ക്കായി റോയൽ മാർസ്ഡൻ ആശുപത്രിയിലെ ദ ഓക്ക് കാൻസർ സെന്ററിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനകളിലാണ് രക്താർബുദം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ കീമോതെറാപ്പി ആരംഭിച്ചെങ്കിലും ഇതിനിടെ തലച്ചോറിലുണ്ടായ കടുത്ത രക്തസ്രാവത്തെ തുടർന്ന് ആരോഗ്യനില അതീവ ഗുരുതരമായി. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് 12.30 ഓടെ ബിനോയ് മരണത്തിനു കീഴടങ്ങി. കോളജ് വിദ്യാർഥിയായ ജോർജ് തോമസ് (17), സ്കൂൾ വിദ്യാർഥിയായ ജെയിംസ് തോമസ് (11) എന്നിവരാണ് മക്കൾ. കുടുംബത്തിനൊപ്പം യുകെയിൽ ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി രോഗം ബിനോയിയെ തേടിയെത്തിയതും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മരണം സംഭവിച്ചതും.

ബിനോയിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാരം നടത്താനുള്ള ശ്രമത്തിലാണ് കുടുംബം. പ്രിയപ്പെട്ട മകനെ അവസാനമായി ഒരുനോക്കു കാണാൻ പാലായിലെ വീട്ടിൽ പ്രായമായ മാതാപിതാക്കളും ബന്ധുക്കളും കാത്തിരിക്കുകയാണ്.യുകെയിൽ സന്ദർശക വീസയിലുള്ള ഷീബയുടെ സഹോദരൻ ഫാ. ഷിജോ ചാക്കോയും ഡെർബിയിലുള്ള ബന്ധുക്കളുമാണ് നിലവിൽ കുടുംബത്തിനൊപ്പമുള്ളത്. ബിനോയിയുടെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും യുകെയിലെ മലയാളി സമൂഹത്തിനും തീരാവേദനയായി.

Leave a Reply

Your email address will not be published. Required fields are marked *