ആംസ്റ്റർഡാം∙ ‘വേൾഡ് പ്രൈഡ് 2026’ ആഘോഷങ്ങളുടെ ഭാഗമായി നടന്ന വാർഷിക ‘കനാൽ പരേഡിൽ’ പങ്കാളിയായി നെതർലൻഡ്‌സ് പ്രധാനമന്ത്രി റോബ് ജെറ്റൻ. പ്രൈഡ് ബോട്ട് പരേഡിൽ പങ്കാളിയാകുന്ന ആദ്യ ഡച്ച് പ്രധാനമന്ത്രിയായ അദ്ദേഹം, നെതർലൻഡ്സിന്റെ ചരിത്രത്തിൽ സ്വന്തം ലൈംഗിക വ്യക്തിത്വം പരസ്യമായി വെളിപ്പെടുത്തിയ ആദ്യ പ്രധാനമന്ത്രി കൂടിയാണ്.
നഗരത്തിലെ കനാലുകളിലൂടെ നടന്ന വിപുലമായ ബോട്ട് പരേഡിൽ ഓർഗനൈസിങ് ബോട്ടിലാണ് ജെറ്റൻ അണിചേർന്നത്. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കായി രാജ്യാന്തരതലത്തിൽ ആഘോഷിക്കപ്പെടുന്ന ഏറ്റവും വലിയ ആഗോള കൂട്ടായ്മയായ ‘വേൾഡ് പ്രൈഡിന്’ ഇത്തവണ ആംസ്റ്റർഡാമാണ് വേദിയായത്.
‘പ്രണയം പ്രണയമാണ്, സ്വന്തം വ്യക്തിത്വം തുറന്നുപറയാൻ മടിക്കരുത്; പിന്തുണയ്ക്കാൻ എപ്പോഴും ആളുകളുണ്ടാകും,’ എൽജിബിടിക്യു+ സമൂഹത്തിലെ യുവജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. താൻ 15-ാം വയസ്സിൽ നേരിട്ട സംശയങ്ങളും ആശങ്കകളും പങ്കുവച്ച അദ്ദേഹം, സ്വന്തം വ്യക്തിത്വം തുറന്നുപറയുന്നതോടെ ജീവിതം കൂടുതൽ മനോഹരമാകുമെന്നും കൂട്ടിച്ചേർത്തു.
അർജന്റെയ്ൻ ഹോക്കി താരം നിക്കോളാസുമായി അടുത്തിടെ തന്റെ വിവാഹനിശ്ചയം കഴിഞ്ഞ കാര്യവും അദ്ദേഹം സന്തോഷത്തോടെ പങ്കുവച്ചു. ആഘോഷങ്ങൾക്കിടയിലും ഇതൊരു പ്രതിഷേധവും അവകാശപ്പോരാട്ടവുമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കഴിഞ്ഞ ആഴ്ച ബർലിനിൽ പ്രൈഡ് റാലിക്കിടെ നടന്ന ആക്രമണവും ലോകമെമ്പാടും എൽജിബിടിക്യു+ സമൂഹത്തിന് നേരിടേണ്ടി വരുന്ന വിവേചനങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു ജെറ്റന്റെ പ്രതികരണം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് ആളുകളാണ് പരേഡ് കാണാൻ എത്തിയത്. ചടങ്ങിന്റെ തുടക്കത്തിൽ ആംസ്റ്റർഡാം മേയർ ഫെംകെ ഹൽസെമ ദേശീയ മാരിടൈം മ്യൂസിയത്തിന് സമീപം പ്രധാനമന്ത്രിയെ സ്വീകരിച്ചു.കഴിഞ്ഞ ആഴ്ച ജർമനിയിലെ ബർലിനിൽ പ്രൈഡ് റാലിക്കിടെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ശക്തമായ സുരക്ഷാ മുൻകരുതലുകളാണ് ആംസ്റ്റർഡാം നഗരത്തിൽ ഒരുക്കിയിരുന്നത്. ഈസ്റ്റർഡോക്കിൽ നിന്ന് ആരംഭിച്ച പരേഡിൽ എൺപതോളം അലങ്കരിച്ച ബോട്ടുകൾ അണിനിരന്നു.