ഔദ്യോഗിക യാത്രാ വിവരങ്ങൾ മറച്ചുവെച്ച് പിഎസ്‌സി ചെയർമാൻ; ലോഗ് ബുക്ക് സൂക്ഷിച്ചില്ലെന്ന് ആക്ഷേപം

തിരുവനന്തപുരം: ചട്ടം ലംഘിച്ച് ഔദ്യോഗിക യാത്രാ വിവരങ്ങൾ മറച്ചുവെച്ച് പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജു. ഔദ്യോഗിക വാഹനത്തിന് ലോഗ് ബുക്ക് സൂക്ഷിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. സർക്കാർ വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ കൃത്യമായ ലോഗ്ബുക്ക് സൂക്ഷിക്കണമെന്നാണ് നിലവിലുള്ള ചട്ടം. എന്നാൽ എന്തുകൊണ്ടാണ് ലോഗ് ബുക്ക് സൂക്ഷിക്കാത്തത് എന്നതുസംബന്ധിച്ച് ചെയർമാൻ ഇതുവരെ ഔദ്യോഗികമായി കാരണം വ്യക്തമാക്കിയിട്ടില്ല. മുൻ ചെയർമാൻ എം.കെ. സക്കീറും യാത്രാ വിവരങ്ങൾ മറച്ചുവെച്ചതായി വിവരങ്ങളുണ്ട്.

​കഴിഞ്ഞ ഒൻപത് വർഷമായി പിഎസ്‌സി ചെയർമാൻ ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനത്തിന് ലോഗ് ബുക്ക് ഇല്ലെന്നാണ് പുറത്തുവരുന്ന കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്. വാഹനം ഏതൊക്കെ സ്ഥലങ്ങളിൽ സഞ്ചരിച്ചു, എത്ര ദൂരം യാത്ര ചെയ്തു തുടങ്ങിയ എല്ലാ വിശദാംശങ്ങളും ലോഗ് ബുക്കിൽ രേഖപ്പെടുത്തണമെന്നാണ് ചട്ടമുള്ളത്. ഏത് സമയത്തും ധനകാര്യ വകുപ്പിന് ഇത് പരിശോധിക്കാനുള്ള അധികാരവുമുണ്ട്. എന്നാൽ, കഴിഞ്ഞ ഒൻപത് വർഷമായി തുടരുന്ന ഈ ചട്ടലംഘനത്തിൽ ധനകാര്യ വകുപ്പിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ പരിശോധനകളും ഉണ്ടായിട്ടില്ലേ എന്ന ചോദ്യവും ശക്തമാണ്. നിലവിൽ ഉപയോഗിക്കുന്ന ഇന്നോവ ക്രിസ്റ്റ വാഹനത്തിൽ പിഎസ്‌സി ചെയർമാൻ എവിടെയൊക്കെ യാത്ര ചെയ്തിട്ടുണ്ട് എന്നത് പൂർണ്ണമായും അവ്യക്തമായി തുടരുകയാണ്.

​പിഎസ്‌സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ പുരോഗമിക്കുകയും, ചെയർമാൻ അടക്കമുള്ളവർ സംശയത്തിന്റെ നിഴലിൽ നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ ഗുരുതരമായ ചട്ടലംഘനം കൂടി പുറത്തുവരുന്നത്. നൂറിലേറെ പരാതികളാണ് പിഎസ്‌സിയുമായി ബന്ധപ്പെട്ട് എസ്‌ഐടി സംഘം അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ ഔദ്യോഗിക വാഹനത്തിന്റെ യാത്രാ വിവരങ്ങൾ ചെയർമാൻ എന്തിന് മറച്ചുവെക്കുന്നു എന്നത് ദുരൂഹമാണെന്നാണ് വ്യാപകമായി ഉയരുന്ന വിമർശനം. മുൻ ചെയർമാന്മാരും ലോഗ് ബുക്ക് സൂക്ഷിച്ചിരുന്നില്ല എന്ന് വ്യക്തമായതോടെ, ഇക്കാര്യത്തിൽ കൃത്യമായ പരിശോധന നടത്താത്ത ധനകാര്യ വകുപ്പിനെതിരെയും കടുത്ത വിമർശനങ്ങൾ ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *