മെഡിസെപ് പൊളിച്ചെഴുതാനൊരുങ്ങി സർക്കാർ

കൊല്ലം∙ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം. ഓണം കഴിഞ്ഞാലുടൻ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് പൊളിച്ചെഴുതാനൊരുങ്ങി സർക്കാർ. പ്രധാനപ്പെട്ട ആശുപത്രികളിലൊന്നും ചികിത്സ ലഭ്യമാകുന്നില്ലെന്നും ക്ലെയിമുകൾ കൂട്ടത്തോടെ നിരസിക്കപ്പെടുകയാണെന്നുമുള്ള ആക്ഷേപങ്ങൾ ഉയർന്നിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ഉന്നത ഉദ്യോഗസ്ഥർ മനോരമ ഓൺലൈനോട് പ്രതികരിച്ചു. ഇൻഷുറൻസ് കമ്പനിക്കു പണം കിട്ടാൻ വേണ്ടി മാത്രം തുടങ്ങിയ പദ്ധതി പോലെയാണ് മെഡിസെപ് നിലവിൽ പ്രവർത്തിക്കുന്നതെന്നും ആ രീതി മാറ്റി പദ്ധതി പരിഷ്കരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

മെഡിസെപ്പിന് പുതിയ മുഖം

ഓണം കഴിഞ്ഞാലുടൻ മെഡിസെപ്പ് പദ്ധതി പരിഷ്കരിക്കുമെന്ന് അധികൃതർ പറഞ്ഞു. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലും ബജറ്റിലും ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. ഉദ്യോഗസ്ഥരിൽ നിന്നു പണം വാങ്ങിയിട്ടും പ്രധാനപ്പെട്ട ആശുപത്രികളിലൊന്നും ചികിത്സ ലഭ്യമാക്കാതെയാണ് പദ്ധതി മുന്നോട്ടു പോകുന്നതെന്ന പരാതി പരിഹരിക്കും. ഇൻഷുറൻസ് കമ്പനിക്കു മാത്രം ഗുണകരമാകുന്ന തരത്തിലാണ് മെഡിസെപ് മുന്നോട്ടു പോകുന്നതെന്ന ജീവനക്കാരുടെ ആക്ഷേപവും പരിശോധിക്കും. വിഷയത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകും. ജീവനക്കാർക്ക് എല്ലാവിധ ആനുകൂല്യങ്ങളും ലഭ്യമാക്കും. പദ്ധതി പുനഃക്രമീകരിക്കുന്നതിനായി ജീവനക്കാരുടെ സംഘടനകളുമായും ഇൻഷുറൻസ് കമ്പനിയുമായും ചേർന്നു ചർച്ച നടത്തുമെന്നും അധികൃതർ പറഞ്ഞു.

∙ 500ൽ തുടങ്ങി, ഇപ്പോൾ 687

പിണറായി സർക്കാരിന്റെ കാലത്ത് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പിലാക്കിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് മെഡിസെപ്. ഓറിയന്‍റല്‍ ഇൻഷുറൻസ് കമ്പനിക്കാണ് മെഡിസെപിന്‍റെ നടത്തിപ്പ് കരാര്‍. തുടക്കത്തിൽ 500 രൂപയായിരുന്നു ജീവനക്കാര്‍ അടയ്ക്കേണ്ടിയിരുന്ന പ്രതിമാസ പ്രീമിയം. നിലവിൽ പ്രീമിയം 687 രൂപയാണ്. വാർഷിക പ്രീമിയം 8244 രൂപ. 2028 ഡിസംബർ വരെയാണു കാലാവധി. 5 ലക്ഷം രൂപയുടെ പരിരക്ഷയാണു ജീവനക്കാർക്കു ലഭിക്കുക. പദ്ധതിയുടെ രണ്ടാം ഘട്ടം ഈ വർഷം ജനുവരിയിലാണ് ആരംഭിച്ചത്. ആദ്യംഘട്ടം നടപ്പാക്കിയ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയാണു രണ്ടാംഘട്ടവും നടപ്പാക്കുന്നത്.

മെഡിസെപ്പിൽ പരാതിപ്രളയം

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കാഷ്‍ലെസ് മെഡിക്കൽ സേവനം എന്നതാണ് മെഡിസെപ് എങ്കിലും ഫലത്തിൽ അങ്ങനെയല്ലെന്ന ആക്ഷേപം ജീവനക്കാർക്കിടയിൽ ശക്തമാണ്. അർഹമായ ക്ലെയിം നൽകാതെയും പരാതികൾ പരിഗണിക്കാതെയും ജീവനക്കാരെയും പെൻഷൻകാരെയും വലയ്ക്കുകയാണ് ഇൻഷുറൻസ് കമ്പനിയെന്ന് ആരോപണം ഉയരുന്നുണ്ട്. ജീവനക്കാർക്ക് ഉപകാരപ്രദമായി പദ്ധതി നടത്തിയില്ലെങ്കിൽ കരാർ പിൻവലിക്കുമെന്ന് എൽഡിഎഫ് സർക്കാരിന്റെ ഭരണകാലത്ത് അന്നത്തെ ധനമന്ത്രി കെ.എൻ.ബാലഗോപാൽ കമ്പനിക്ക് മുന്നറിയിപ്പു നൽകിയിരുന്നു. പരാതികൾ പരിഹരിക്കുമെന്നായിരുന്നു ഇൻഷുറൻസ് കമ്പനിയുടെ പ്രതികരണം.

∙ മെഡിസെപ്പിൽ അർഹത ആർക്കൊക്കെ?

വ്യക്തിഗതവിവരങ്ങൾ നൽകിയിട്ടുള്ള, മെഡിസെപ് ഡേറ്റാബേസിൽ ഉൾപ്പെട്ടിട്ടുള്ള സർക്കാർ ജീവനക്കാരും പെൻഷൻകാരും അവരുടെ ആശ്രിതരും. മാതാപിതാക്കൾ ഇരുവരും പദ്ധതിയിൽ അംഗമാണെങ്കിൽ കുട്ടികളെ ഏതെങ്കിലും ഒരാളുടെ ആശ്രിതരായേ പദ്ധതിയിൽ ചേർക്കാവൂ. മാതാപിതാക്കൾ ഈ പദ്ധതിയിൻകീഴിൽ പെൻഷൻകാരാണെങ്കിൽ അവരെ ആശ്രിതരാക്കാനാവില്ല. പെൻഷൻകാരുടെ മാതാപിതാക്കൾ, സഹോദരങ്ങൾ, വൈകല്യമില്ലാത്ത മക്കൾ എന്നിവരെയും ചേർക്കാനാവില്ല. പെൻഷൻകാരുടെ പങ്കാളി, ശാരീരികവൈകല്യം ബാധിച്ച മക്കൾ (പ്രായപരിധിയില്ലാതെ) എന്നിവരെയും ചേർക്കാം.

∙ പ്രായപരിധി

അംഗങ്ങൾക്കും ആശ്രിതർക്കും പ്രായപരിധിയില്ല. എന്നാൽ, ആശ്രിതരായ കുട്ടികൾ ജോലിയിൽ പ്രവേശിക്കുകയോ വിവാഹിതരാവുകയോ 25 വയസ്സ് പൂർത്തിയാകുകയോ ഇവയിലേതാണോ ആദ്യം അതുവരെ പദ്ധതിയിൽ തുടരാം.

Leave a Reply

Your email address will not be published. Required fields are marked *