യു.ജി.സി നെറ്റ് പരീക്ഷ : പിശക് സമ്മതിച്ച് എൻ.ടി.എ,​ 3 വിഷയങ്ങളിൽ പുനഃപരീക്ഷ

ന്യൂഡൽഹി: കഴിഞ്ഞ ജൂണിൽ നടന്ന യു.ജി.സി നെറ്ര് പരീക്ഷയിൽ മൂന്ന് വിഷയങ്ങളിലെ ചോദ്യപേപ്പറുകളിൽ നിരവധി പിശകുകൾ കടന്നുകൂടിയെന്ന് സമ്മതിച്ച് ദേശീയ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ). ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി വിഷയങ്ങളിലാണിത്. ഇവയുടെ പുന:പരീക്ഷയ്ക്കുള്ള തീയതികളും പ്രഖ്യാപിച്ചു.

 

നീറ്ര് യു.ജി ചോദ്യപേപ്പർ ചോർച്ചയിലെ വിദ്യാർത്ഥി പ്രക്ഷോഭവും തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയും ഏറെ കോളിളക്കം സൃഷ്ടിച്ചതിന് പിന്നാലെയാണ് എൻ.ടി.എയെ നാണക്കേടിലാക്കിയ ഈ സംഭവവും. നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്ന് രൂപീകരിച്ച സമിതി ചോദ്യപേപ്പറുകളിൽ അക്ഷരത്തെറ്റുകളും വസ്തുതാപരമായ തെറ്റുകളും വിവർത്തനത്തിലെ പിശകുകളും കണ്ടെത്തുകയായിരുന്നു.

സെപ്തംബർ 9ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ ഇംഗ്ളീഷും വൈകിട്ട് 3 മുതൽ 6വരെ കൊമേഴ്സും 10ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 സോഷ്യോളജിയിലുമാണ് പുന:പരീക്ഷ. അധിക ഫീസ് ഈടാക്കില്ല. അഡ്‌മിറ്റ് കാർഡുകൾ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭിക്കും. സർവകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനും ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെ.ആർ.എഫ്), പിഎച്ച്.ഡി പ്രവേശനത്തിനുമാണ് യു.ജി.സി നെറ്റ് പരീക്ഷ.

87 വിഷയങ്ങളിലായിരുന്നു പരീക്ഷ. മൂന്ന് പുന:പരീക്ഷാ വിഷയങ്ങളൊഴികെ മറ്റുള്ളവയുടെ ഫലപ്രഖ്യാപനം യഥാസമയം നടത്തും. ചോദ്യപേപ്പർ ചോർന്നുവെന്ന സംശയത്തിൽ 2024 ജൂണിൽ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷയും റദ്ദാക്കി പുന:പരീക്ഷ നടത്തിയിരുന്നു.

 

വ്യാകരണപ്പിശക്, ആവർത്തനം

ചോദ്യപേപ്പറുകളിൽ പ്രമുഖ പണ്ഡിതരുടെ പേരുകളും പുസ്തക ശീർഷകങ്ങളുമടക്കം തെറ്റായാണ് അച്ചടിച്ചിരുന്നത്. വ്യാകരണ പിശകുകളും തെറ്റായ ചിഹ്‌നങ്ങളും നിലവാരമില്ലാത്ത പദങ്ങളും ഉണ്ടായിരുന്നു. പഴയ ചോദ്യപേപ്പറുകളിൽ നിന്ന് കൂട്ടത്തോടെ ചോദ്യങ്ങൾ ആവർത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *