കെ.പി.സി.സി. അധ്യക്ഷന്‍: കെ.സിയുടെ വിശ്വസ്‌തര്‍ക്ക്‌ മുന്‍ഗണന, ഷാഫിയോ കുഴല്‍നാടനോ? അധികാരസമവാക്യങ്ങള്‍ മാറും

തിരുവനന്തപുരം; കെ.പി.സി.സി. അധ്യക്ഷ സ്‌ഥാനത്തേക്ക്‌ കെ.സി. വേണുഗോപാലിന്റെ വിശ്വസ്‌തര്‍ക്ക്‌ മുന്‍തൂക്കം. യുവനേതാക്കള്‍ക്ക്‌ അവസരം നല്‍കാന്‍ ഹൈക്കമാന്‍ഡ്‌ തീരുമാനിച്ചാല്‍ ഷാഫി പറമ്പിലും മാത്യു കുഴല്‍നാടനും മുന്‍നിരയിലെത്തും. കെ.സി. പക്ഷത്തോട്‌ അടുപ്പമുള്ള നേതാവ്‌ അധ്യക്ഷനായാല്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‌ അത്‌ രാഷ്‌ട്രീയമായി വലിയ തലവേദനയാകുമെന്നാണ്‌ വിലയിരുത്തല്‍.

അധ്യക്ഷ സ്‌ഥാനത്തേക്ക്‌ ദളിത്‌ നേതാവിനെ പരിഗണിച്ചാല്‍ കൊടിക്കുന്നില്‍ സുരേഷ്‌ എം.പിക്കും സാധ്യതയുണ്ട്‌. മുതിര്‍ന്ന നേതാക്കളില്‍ ചിലരുടെ പിന്തുണയും അദ്ദേഹം ഉറപ്പാക്കുന്നുണ്ട്‌. ബെന്നി ബഹനാന്‍, ആന്റോ ആന്റണി എന്നിവരും പ്രതീക്ഷയിലാണ്‌.

പാര്‍ട്ടി ഘടകങ്ങളിലെ പരിചയസമ്പത്തും നിയമസഭാ തെരഞ്ഞെടുപ്പിലെ സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ അവസാന നിമിഷം തഴയപ്പെട്ടതും ജോസഫ്‌ വാഴയ്‌ക്കന്‌ അനുകൂല ഘടകമാണ്‌. യു.ഡി.എഫ്‌. കണ്‍വീനര്‍ അടൂര്‍ പ്രകാശും കെ.പി.സി.സി. അധ്യക്ഷസ്‌ഥാനം ആഗ്രഹിക്കുന്നുണ്ടെന്നാണു സൂചന. നേരത്തേ അദ്ദേഹത്തിന്റെ പേരും പരിഗണിച്ചിരുന്നു.യുവത്വത്തിന്‌ മുന്‍ഗണന നല്‍കുന്ന തീരുമാനമുണ്ടായാല്‍ ഷാഫി-മാത്യു പോരാട്ടത്തിലേക്ക്‌ ചുരുങ്ങാനുള്ള സാധ്യതയുമുണ്ട്‌.

കെ.സി. വേണുഗോപാല്‍ പക്ഷത്തിന്‌ സ്വാധീനമുള്ള നേതാവ്‌ അധ്യക്ഷനായാല്‍ കോണ്‍ഗ്രസിലെ നിലവിലെ അധികാരസമവാക്യങ്ങള്‍ മാറുമെന്നും അതോടെ വി.ഡി. സതീശന്‌ പാര്‍ട്ടിക്കുള്ളില്‍ പുതിയ രാഷ്‌ട്രീയ വെല്ലുവിളി ഉയരുമെന്നും രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *