നെയ്യാറ്റിൻകര: ജനറൽ ആശുപത്രി ജംഗ്ഷന് സമീപം റെയിൽവേ കടന്നു പോകുന്ന കാട്ടാക്കട റോഡിലെ പഴയ പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നു. ഇക്കഴിഞ്ഞ മഴയത്താണ് പ്രധാന റോഡിന്റെ ഒരു ഭാഗം അപകടകരമായ രീതിയിൽ തകർന്ന് താഴേക്ക് വീണത്. നെയ്യാറ്റിൻകര കന്യാകുമാരി റെയിൽവേ പാത ഇരട്ടിപ്പിക്കാനായി അക്വയർ ചെയ്ത സ്ഥലത്തിലെ പഴയ പാലത്തിന്റെ അപ്രോച്ച് റോഡാണ് തകർന്നത്. സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്നതും അല്ലാത്തതുമായ നിരവധി വാഹനങ്ങൾ കടന്നുപോകുന്നത് പാലത്തിന് സമീപമുള്ള ഈ അപ്രോച്ച് റോഡിലൂടെയാണ്.
ഈ പാലത്തിന് സമാന്തരമായി റെയിൽവേ പുതിയ പാലം പണിയുന്നുണ്ട്. എന്നാൽ പി.ഡബ്ല്യു.ഡി റോഡിന് കുറുകെയുള്ള പാലത്തിലേക്കുള്ള റോഡാണ് മഴയത്ത് തകർന്നത്. റെയിൽവേയുടെ പുതിയ പാലം പണി പൂർത്തിയായാൽ ഈ പാലം പൊളിച്ചു മാറ്റാനായിരുന്നു പ്ളാൻ.
റെയിൽവേ വികസനം: പണി നീളുന്നു
കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി രാജ്യവ്യാപകമായി 2022 ഡിസംബറിൽ ആരംഭിച്ചതിനോടൊപ്പമാണ് നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനും ഈ പദ്ധയിൽ ഉൾക്കൊള്ളിച്ചത്. ഇതിനായുള്ള നവീകരണ പ്രവർത്തനങ്ങളുടെ അടിത്തറയിടലും പ്രാരംഭ നിർമ്മാണ ജോലികളും 2023ആഗസ്റ്റിനും 2024ഫെബ്രുവരിക്കും ഇടയിലുള്ള കാലയളവിൽ ആരംഭിച്ചു.
വികസന പദ്ധതികൾ
പുതിയ കവാടങ്ങൾ,പ്ലാറ്റ്‌ഫോം നവീകരണം,റോഡ് വികസനം,പാർക്കിംഗ് സൗകര്യങ്ങൾ എന്നിവയാണ് പ്രധാന ലക്ഷ്യം.തിരുവനന്തപുരം-കന്യാകുമാരി പാതയിരട്ടിപ്പിക്കൽ ജോലികളെല്ലാം പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. ഇതിനിടെയാണ് റെയിൽവേ അക്വയർ ചെയ്ത പഴയ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ തകർച്ച.
കാട്ടാക്കട റോഡിലെ പഴയപാലത്തിന് സമീപം പുതിയ പാലം നിർമ്മാണത്തിന്റെ രണ്ട് വശങ്ങളിലും ബെയ്സ്മെന്റ് പണികൾ മാത്രമാണ് നടന്നിട്ടുള്ളത്. പുതിയ പാലം പണിയാനായി കൊണ്ടിട്ട കമ്പികൾ ദ്രവിച്ച് നശിക്കുകയാണ്.