ന്യൂഡൽഹി: ജന്തർമന്ദറിൽ ജൂലായ് 20ന് നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിൽ പെല്ലറ്റ് ഏറ്റ യുവാവുമൊത്ത് പൊലീസ് സ്റ്റേഷനിൽ ധർണനടത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സഞ്ജീവ് എന്നയാളുമൊത്ത് എത്തിയ രാഹുൽ ഗാന്ധിയും കോൺഗ്രസ് പ്രവർത്തകരും ഡിസിപിയുമായി കൂടിക്കാഴ്‌ച നടത്തി. പെല്ലറ്റ് ഗൺ പ്രയോഗിച്ച പൊലീസിനെതിരെ പരാതി കൊടുക്കാനാണ് ഇവരെത്തിയത്. പക്ഷെ പൊലീസ് കേസെടുക്കാൻ തയ്യാറായില്ല. ഇതോടെയാണ് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമടക്കം പൊലീസ് സ്റ്റേഷനിൽ ധർണ ആരംഭിച്ചത്.
പെല്ലറ്റ് ഗൺ കൊണ്ട് പരിക്കേറ്റ സഞ്ജീവ്, റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് സംഭവത്തിൽ പരാതിനൽകാൻ ശ്രമിച്ചിട്ടും പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തില്ല. ഇതോടെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും ഫലമുണ്ടാകാതെ വന്നതോടെയാണ് രാഹുലടക്കം പാർലമെന്റ് സ്‌ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി ഡിസിപിയുമായി ചർച്ച നടത്തിയത്.
എഫ്ഐആർ രജിസ്റ്റർ ചെയ്യും വരെ പൊലീസ് സ്റ്റേഷനിൽ തുടരുമെന്ന് രാഹുൽ അറിയിച്ചു. ആഭ്യന്തമന്ത്രി അമിത് ഷാ ജന്തർ മന്ദറിലെ പൊലീസ് നടപടിയിൽ മറുപടി പറയണമെന്ന് പാർലമെന്റിൽ കോൺഗ്രസ് നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. പാർലമെന്റ് മാർച്ചിലും ജന്തർമന്ദറിലും സിജെപിയുടെയടക്കം പ്രതിഷേധക്കാർക്കെതിരെ നടപടിയൊന്നും ഉണ്ടായില്ലെന്നാണ് ഡൽഹി പൊലീസ് വ്യക്തമാക്കിയത്. അതിനാലാണ് കേസെടുക്കാത്തത്.
ജന്തർമന്ദറിലെ പൊലീസ് നടപടിയിൽ അന്വേഷണത്തിന് സുപ്രീം കോടതി ഉന്നതാധികാര സമിതിയെ നിയോഗിച്ചിട്ടുണ്ട്. സുപ്രീംകോടതി മുൻ ജഡ്‌ജി ആർ സുഭാഷ് റെഡ്‌ഡി അദ്ധ്യക്ഷനായ അഞ്ചംഗ സമിതിയാണ് അന്വേഷിക്കുക. ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത് ആണ് ഇതിൽ ഉത്തരവിറക്കിയത്.