മലപ്പുറം: കോളേജിലെ ഓണാഘോഷത്തിനിടെ എംഡിഎംഎ പിടികൂടി. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. ഒരു ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. വിദ്യാർത്ഥികളെത്തിയ കാറിൽ നിന്ന് രാസലഹരി കണ്ടെത്തുകയായിരുന്നു.
എക്‌സൈസിന്റെ വാഹനം കണ്ടപ്പോൾ വിദ്യാർത്ഥികൾ കാറിൽ നിന്നിറങ്ങിയോടി. കണ്ടാലറിയാവുന്ന മൂന്നുപേരെ പ്രതിയാക്കി എക്‌സൈസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
അതേസമയം, കേരള പൊലീസിന്റെ ലഹരിവേട്ടയായ ഓപ്പറേഷൻ തൂഫാനിൽ അറസ്റ്റ് 10,000 കടന്നു. 9280 കേസുകളിലായി ആകെ അറസ്റ്റ് 10,015 ആയി. ഇതുവരെ 8289.409 ഗ്രാം എംഡിഎംഎയും 1004.784 കിലോഗ്രാം കഞ്ചാവും 2382 കഞ്ചാവ് ചെടികളും പിടിച്ചെടുത്തു.
ഏറ്റവും കൂടുതൽ കേസുകൾ കോഴിക്കോട് സിറ്റിയിലാണ്. ആകെ 929 കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൂടുതൽ അറസ്റ്റ് നടന്നത് മലപ്പുറത്താണ് 999 പേർ അറസ്റ്റിലായി. ഇവിടെ 875 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊച്ചി സിറ്റി, പാലക്കാട് എന്നിവിടങ്ങളിൽ 700 ലേറെ കേസുകളുണ്ട്. കണ്ണൂർ റൂറലിൽ 137 കേസുകളിലായി 139 പേരാണ് അറസ്റ്റിലായത്.