ലൈഫ് തട്ടിപ്പ പിടിക്കപ്പെട്ടതോടെ പണം തിരികെ അടച്ചു തലയൂരാനും ശ്രമം

തണ്ണിത്തോട് ∙ പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റിൽ തിരിമറി നടത്തി 2 ലക്ഷം രൂപ വക മാറ്റിയതു പിടിക്കപ്പെട്ടതോടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ റാണി ലക്ഷ്മി പണം തിരികെ അടച്ചു തലയൂരാനും ശ്രമിച്ചു. കഴിഞ്ഞ മാസം 19നാണ് എച്ച്ഡിഎഫ്സി അടൂർ ബ്രാഞ്ചിലെ എസ്.സിനുവിന്റെ അക്കൗണ്ടിലേക്ക് 2 ലക്ഷം രൂപ മാറ്റിയത്. തണ്ണിത്തോട് പഞ്ചായത്ത് ഒന്നാം വാർഡിൽ എസ്.ആർ.സിനുമോൻ എന്നയാൾക്കു ലൈഫ് ഭവനപദ്ധതിയിൽ വീട് നിർമാണം നടക്കുന്നുണ്ട്. ഇയാൾക്ക് 3 തവണകളായി 3 ലക്ഷം രൂപ നൽകിയെന്നും ഇനിയും ഒരു ലക്ഷം രൂപയാണു നൽകാനുള്ളതെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. എന്നാൽ 2 ലക്ഷം നൽകാനുണ്ടെന്ന തരത്തിൽ ഒരേ പേരിലുള്ള അടൂരിലുള്ള സിനുവിന്റെ അക്കൗണ്ടിലേക്കാണു പണം തിരിമറി നടത്തിയത്. പഞ്ചായത്ത് സെക്രട്ടറി ഇതു കണ്ടെത്തിയതോടെ റാണി ലക്ഷ്മിയോടു റിപ്പോർട്ട് തേടി.

പേരിലെ സാമ്യം കാരണം അബദ്ധം പറ്റിയതാണെന്നും പണം തിരികെ അടയ്ക്കാമെന്നും മാപ്പ് നൽകണമെന്നും റാണി ലക്ഷ്മി മറുപടി നൽകി. പഞ്ചായത്ത് സെക്രട്ടറി പത്തനംതിട്ട ജോയിന്റ് ഡയറക്ടറെ വിവരം അറിയിയ്ക്കുകയും തുടർന്ന് 24നു തണ്ണിത്തോട് പൊലീസിൽ പരാതി നൽകുകയും ചെയ്തു. 25നു പഞ്ചായത്ത് സെക്രട്ടറി പൊലീസിൽ വിവരം അന്വേഷിച്ചപ്പോൾ പണം തിരിച്ചടച്ചെന്നാണു മറുപടി ലഭിച്ചത്. ഇതേത്തുടർന്നു പരിശോധിച്ചപ്പോൾ എസ്ബിഐ വകയാർ ബ്രാഞ്ചിലെ സിഡിഎം (കാഷ് ഡെപ്പോസിറ്റ് മെഷിൻ) വഴി 6 തവണയായി 2 ലക്ഷം രൂപ പഞ്ചായത്തിന് അക്കൗണ്ടുള്ള എസ്ബിഐ തേക്കുതോട് ശാഖയിൽ തിരികെ അടച്ചതായി കണ്ടെത്തി. റാണി ലക്ഷ്മി മുൻപു ജോലി ചെയ്ത സീതത്തോട് പഞ്ചായത്തിൽ വിവരം തിരക്കിയതോടെ അവിടെ ലക്ഷങ്ങളുടെ തിരിമറി കണ്ടെത്തുകയായിരുന്നു. ഫെബ്രുവരിയിലാണു തണ്ണിത്തോട് പഞ്ചായത്തിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസറായി റാണി ലക്ഷ്മി എത്തുന്നത്.

50 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പ്
തണ്ണിത്തോട് ∙ സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയിൽ 50 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പു നടത്തിയ സംഭവത്തിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസറെ (ഗ്രാമസേവിക) പൊലീസ് അറസ്റ്റ് ചെയ്തു. വകയാർ മ്ലാന്തടം പുത്തൻവീട് എം.ആർ.റാണി ലക്ഷ്മിയെയാണു (37) കോന്നി പൊലീസ് ഇൻസ്പെക്ടർ വി.എസ്.കിരണിന്റെ നേതൃത്വത്തിൽ മ്ലാന്തടത്തു നിന്നു പിടികൂടിയത്. സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിൽ ലൈഫ് ഭവന പദ്ധതിയിൽ പുതിയ വീട് നിർമിക്കുന്നതിനും നവീകരണത്തിനും അനുവദിച്ച തുക തട്ടിയെടുത്തെന്നാണു കേസ്.

ഗുണഭോക്തൃ ലിസ്റ്റിൽ തിരിമറി നടത്തി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് അരക്കോടിയിലേറെ രൂപ മാറ്റുകയായിരുന്നു. സീതത്തോട്ടിൽ 51.23 ലക്ഷം രൂപയും തണ്ണിത്തോട്ടിൽ 2 ലക്ഷം രൂപയും തട്ടിപ്പു നടത്തിയതായാണു കേസ്. തണ്ണിത്തോട്, സീതത്തോട് പഞ്ചായത്ത് സെക്രട്ടറിമാർ നൽകിയ പരാതിയെത്തുടർന്നു പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. അരുവാപ്പുലം പഞ്ചായത്തിലും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നുണ്ട്.

തണ്ണിത്തോട് പഞ്ചായത്തിൽ 2 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതു കണ്ടെത്തിയതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി നൽകിയ പരാതിയിൽ തണ്ണിത്തോട് പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു. സീതത്തോട് പഞ്ചായത്ത് നൽകിയ പരാതിയിൽ ചിറ്റാർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലും കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തിയേക്കും. തണ്ണിത്തോട് പൊലീസിൽ പരാതി ലഭിച്ചതോടെ പണം തിരികെ നൽകി തടിയൂരാനും ഉദ്യോഗസ്ഥ ശ്രമിച്ചിരുന്നു. മുൻപു ബന്ധുക്കൾ തമ്മിലുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ കോന്നി പൊലീസിൽ കേസുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *