പത്തനംതിട്ട ∙ എൽഡിഎഫ് അംഗം പിന്തുണച്ചതോടെ നാരങ്ങാനം പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം കോൺഗ്രസിന്. കോൺഗ്രസ് പ്രതിനിധിയായി മത്സരിച്ച വി.പി.മനോജ് കുമാർ 6ന് എതിരെ 7 വോട്ടുകൾ നേടി വിജയിച്ചു. രണ്ടു സിപിഎം പ്രതിനിധികളിൽ ഷീജ മോൾ കോൺഗ്രസിനു വോട്ടു ചെയ്യുകയായിരുന്നു. മറ്റൊരു സിപിഎം പ്രതിനിധിയും സ്ഥിരസമിതി അധ്യക്ഷനുമായ അനു അന്ത്യാളൻകാവ് (ഏബ്രഹാം തോമസ്) വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. കോൺഗ്രസിനും ബിജെപിക്കും 6 അംഗങ്ങൾ വീതവും സിപിഎമ്മിനു രണ്ടും എന്നതാണു കക്ഷിനില.
പാർട്ടി നയത്തിനു വിരുദ്ധമായി കോൺഗ്രസ് സ്ഥാനാർഥിക്കു വോട്ട് ചെയ്തതിനു ഷീജ മോളെ പാർട്ടി പ്രാഥമികാംഗത്വത്തിൽനിന്നു പുറത്താക്കിയെന്നു സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പറഞ്ഞു. എന്നാൽ പാർട്ടി നടപടിയെപ്പറ്റി പ്രതികരിക്കാൻ ഷീജമോൾ തയാറായില്ല.
തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം നടന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽനിന്നു സിപിഎം വിട്ടുനിൽക്കുകയും 6 അംഗങ്ങൾ വീതമുള്ള കോൺഗ്രസ്, ബിജെപി കക്ഷികളുടെ സ്ഥാനാർഥികൾക്കു തുല്യ വോട്ട് ലഭിക്കുകയും ചെയ്തു. തുടർന്നു നടന്ന നറുക്കെടുപ്പിൽ പ്രസിഡന്റായി ബിജെപിയിലെ വി.വി.പ്രസാദും വൈസ് പ്രസിഡന്റായി ജെസി മാത്യുവും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ മാസം കോൺഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവരികയും സിപിഎം പിന്തുണയോടെ അതു പാസാകുകയുമായിരുന്നു. തുടർന്നാണ് ഇന്നലെ പ്രസിഡന്റ് തിരഞ്ഞെടുപ്പു നടന്നത്. രണ്ടാം തവണയാണു വി.പി.മനോജ് കുമാർ നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് ആകുന്നത്. 2010 –15 കാലയളവിൽ പ്രസിഡന്റും 1995– 2000 കാലയളവിൽ വൈസ് പ്രസിഡന്റുമായിരുന്നു. ഡിസിസി എക്സിക്യൂട്ടീവ് അംഗമാണ്.
അവിശുദ്ധ കൂട്ടുകെട്ട്: വി.എ.സൂരജ്
പത്തനംതിട്ട ∙ നാരങ്ങാനം പഞ്ചായത്തിൽ ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തിയതു നെറികെട്ട രാഷ്ട്രീയ കളികളാണെന്നു ബിജെപി ജില്ലാ പ്രസിഡന്റ് വി.എ.സൂരജ്. കോൺഗ്രസ് മുന്നണിയെ സിപിഎം പിന്തുണയ്ക്കുന്ന അവിശുദ്ധ കൂട്ടുകെട്ടാണു നാരങ്ങാനത്ത് ഉണ്ടായത്. ഇതു ജനങ്ങളെ വെല്ലുവിളിക്കുന്ന സമീപനമാണെന്നും അദ്ദേഹം പറഞ്ഞു.