മലയാളികൾക്ക് ഇനി പാതിരാത്രിയും ഉറക്കം നഷ്‌ടപ്പെടും; പവർ കട്ടിന്റെ സമയം കൂട്ടി കെഎസ്‌ഇബി, നിയന്ത്രണം അറിയാൻ ‘വിത്ത് യു’ ആപ്പ്

തിരുവനന്തപുരം: പവർ കട്ടിന്റെ സമയം കൂട്ടി കെഎസ്‌ഇബി. വൈകിട്ട് 6.45 മുതൽ 12.45 വരെയാണ് ഇനി വൈദ്യുതി നിയന്ത്രണം ഉണ്ടാവുക. ഇന്നലെ 12.30 വരെയായിരുന്നു നിയന്ത്രണം. വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനാകാത്ത സാഹചര്യത്തിൽ ഈ മാസം മുഴുവൻ വൈദ്യുതി നിയന്ത്രണം തുടരാനാണ് സാദ്ധ്യത.
‘WITH YOU’ എന്ന കെഎസ്‌ഇബിയുടെ ആപ്പിലൂടെ വൈദ്യുതി നിയന്ത്രണ സമയം ഉപയോക്താക്കൾക്ക് അറിയാനാകും. ഇന്ന് തിരുവനന്തപുരം ജില്ലയിൽ നടത്തിയ പരീക്ഷണം വിജയകരമായി. നാളെ ഉച്ചയോടെ സംസ്ഥാന വ്യാപകമായി നിലവിൽ വരും.
ഇന്നലെ മുൻ ദിവസങ്ങളിലെ അപേക്ഷിച്ച് 95 ദശലക്ഷം യൂണിറ്റായി വൈദ്യുതി ഉപയോഗം വർദ്ധിച്ചു. കേന്ദ്ര നിലയങ്ങളിൽ നിന്നുള്ള ലഭ്യത കുറഞ്ഞു. ജല വൈദ്യുതി ഉൽപ്പാദനം കൂട്ടുകയും മദ്ധ്യപ്രദേശിൽ നിന്ന് 2.79 ദശലക്ഷം യൂണിറ്റ് കടമായി കിട്ടുകയും ചെയ്‌തു. എന്നാൽ, ഇത് എല്ലാ ദിവസവും ഉറപ്പില്ല. 24 മണിക്കൂറും 200 മെഗാവാട്ട് കിട്ടുന്ന കരാറാണ് മറ്റൊന്ന്. പക്ഷേ, വേനൽക്കാലത്ത് കടം വാങ്ങിയ വൈദ്യുതി തിരികെ കൊടുക്കണം. ഇന്നലെയും 3.4 ദശലക്ഷം യൂണിറ്റ് കൊടുത്തു.
ഈ മാസം മുഴുവൻ വീട്ടിയാൽ മാത്രമേ കടം തീരുകയുള്ളു. അണക്കെട്ടുകളിൽ 63 ശതമാനം മാത്രം വെള്ളമുള്ളതിനാൽ ജലവൈദ്യുതി ഉൽപ്പാദിപ്പിച്ച് കടം വീട്ടാനാകാത്ത സ്ഥിതിയാണ്. പീക്ക് സമയത്തേക്ക് ഹ്രസ്വകാല കരാറുകളുമില്ല. ഇതിനിടെ 600 മെഗാവാട്ടിന് മുകളിൽ കുറവ് ഇന്നലെയും ഉണ്ടായി. 12 മണിക്ക് ശേഷം 100 മെഗാവാട്ടിനും പകലും രാത്രിയും 25 മെഗാവാട്ടിനും കരാറുണ്ടാക്കാൻ അനുമതി തേടിയെങ്കിലും റെഗുലേറ്ററി കമ്മീഷൻ ഉത്തരവായില്ല. അതിനാൽ, പവർ കട്ട് ഇനിയും നീണ്ടുപോകാനാണ് സാദ്ധ്യത.

Leave a Reply

Your email address will not be published. Required fields are marked *