പിറന്നാൾ സമ്മാനമായി അമ്മ വാങ്ങിനൽകിയത് തോക്ക്; സ്കൂളിൽ വെടിവയ്പ് നടത്തി 16കാരൻ, നാല് മരണം

വാഷിംഗ്ടൺ: പിറന്നാൾ സമ്മാനമായി അമ്മ വാങ്ങിനൽകിയ തോക്കുപയോഗിച്ച് സ്‌കൂളിൽ വെടിവയ്പ് നടത്തി 16കാരൻ. അമേരിക്കയിലെ ഒറിഗണിലുള്ള സിൽവർ റെയിൽ എലിമെന്ററി സ്‌കൂളിൽ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഞെട്ടിക്കുന്ന സംഭവം. ആക്രമണത്തിൽ മൂന്ന് കുട്ടികളും ഒരു അദ്ധ്യാപികയും കൊല്ലപ്പെട്ടു. നാലുവയസുള്ള കുട്ടികളടക്കം ഒരു അദ്ധ്യപകനും വെടിവയ്‌പ്പിൽ പരിക്കേറ്റതായാണ് റിപ്പോർട്ട്. ഗ്രിഫിൻ ജെ. ജോൺ എന്ന സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് ആക്രമണം നടത്തിയത്. പ്രതിക്ക് തോക്ക് ലഭിച്ചത് അമ്മയിൽനിന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. 2026 ഓഗസ്റ്റിലാണ് ഷോണ്ടേ നിക്കേഴ്സൺ എന്ന പ്രതിയുടെ അമ്മ 12ഗേജ് ഷോട്ട്ഗൺ മകന് വിനോദാവശ്യങ്ങൾക്കായി സമ്മാനിച്ചത്.‌

കഴിഞ്ഞ വ്യാഴാഴ്ച സ്‌കൂളിലെത്തിയ ജോൺ ആദ്യം റോഡിലൂടെ കടന്നുപോയ പിക്കപ്പ് ട്രക്കിനുനേരെ വെടിയുതിർത്തു. ട്രക്കിന്റെ ഡ്രൈവറാണ് സംഭവത്തെക്കുറിച്ച് ആദ്യം പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് സ്‌കൂളിലെ പൂട്ടിയിട്ടിരുന്ന ചില്ലുവാതിലുകൾക്ക് നേരെ വെടിയുതിർത്താണ് പ്രതി അകത്തുകടന്നതെന്ന് പൊലീസ് അറിയിച്ചു. ക്ലാസ് മുറിയിലെത്തിയ പ്രതി അവിടെയുണ്ടായിരുന്നവർക്കുനേരെ വെടിയുതിർക്കുകയായിരുന്നു.

വെടിവയ്പിൽ അഞ്ച് വയസുകാരൻ ഉൾപ്പെടെ മൂന്ന് കുട്ടികൾ കൊല്ലപ്പെട്ടു. മരിച്ച മറ്റ് കുട്ടികൾക്ക് എട്ടും പതിനൊന്നും വയസായിരുന്നു. 25കാരിയായ അദ്ധ്യാപിക മേഗൻ ലാംബർട്ടാണ് കൊല്ലപ്പെട്ട നാലാമത്തെ വ്യക്തി. ഏഴുവയസുകാരിയായ മറ്റൊരു വിദ്യാർത്ഥിനിക്കും 54കാരനായ അദ്ധ്യാപകനും പരിക്കേറ്റു. വെടിവയ്പുണ്ടായ സമയത്ത് നാല് മുതിർന്നവരും അഞ്ച് കുട്ടികളും ഉൾപ്പെടെ ഒൻപത് പേർ ക്ലാസ് മുറിയിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിന്റെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്.

അതേസമയം,​ സ്‌കൂളിൽ ആക്രമണം നടത്തുന്നതിന് മുമ്പ് പിക്കപ്പ് ട്രക്കിനുനേരെ വെടിയുതിർക്കുന്ന ജോണിനെ കണ്ട ഡ്രൈവർ ഇയാളെ പിന്തുടർന്ന് സ്‌കൂളിലെത്തി. ഇയാളുടെ രണ്ട് പെൺമക്കൾ സിൽവർ റെയിൽ സ്‌കൂളിൽ പഠിക്കുന്നുണ്ട്. ആക്രമണത്തിനിടെ ഒരു അദ്ധ്യാപകൻ പ്രതിയിൽനിന്ന് തോക്ക് പിടിച്ചുവാങ്ങാൻ ശ്രമിച്ചുകൊണ്ടിരിക്കെ പിക്കപ്പ് ട്രക്ക് ഡ്രൈവർ സ്ഥലത്തെത്തി പ്രതിയെ വെടിവച്ചുകൊലപ്പെടുത്തുകയും ചെയ്തു. ഒരിക്കൽ പ്രത്യേക പരിഗണന ആവശ്യമായ വിദ്യാർത്ഥിയായി ഇതേ സ്‌കൂളിൽ പഠിച്ചിരുന്ന ജോൺ മാരകമായ ആക്രമണം നടത്തിയതിന്റെ കാരണം പൊലീസ് അന്വേഷിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *