തിരുവനന്തപുരം: തൃശൂർ പൂരം അട്ടിമറി കേസിൽ അന്വേഷണ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി. ക്രൈംബ്രാഞ്ച് മേധാവിയാണ് റിപ്പോർട്ട് നൽകിയത്. എട്ടുമാസം കഴിഞ്ഞിട്ടും റിപ്പോർട്ട് സമർപ്പിക്കാത്തത് വാർത്തയായതിന് പിന്നാലെയാണ് നടപടി. സർക്കാർ അനുമതിക്ക് വേണ്ട നിയമവകുപ്പുകൾ ഉൾപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. അതിനാൽ, തുടർനടപടികൾക്കായി ഡിജിപി ഈ റിപ്പോർട്ട് നാളെത്തന്നെ സർക്കാരിന് സമർപ്പിക്കും. സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരമായിരുന്നു കേസിൽ അന്വേഷണം നടന്നത്.
കേസിൽ തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ ഉൾപ്പെടെ എട്ടുപേരാണ് പ്രതിപ്പട്ടികയിലുള്ളത്. ലഹളയുണ്ടാക്കാൻ ശ്രമിക്കുക, സർക്കാരിനെതിരെ കലാപാഹ്വാനം, ഇരുവിഭാഗങ്ങളും തമ്മിൽ സ്‌പർദയുണ്ടാക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. തൃശൂർ പൂരം അട്ടിമറിച്ചതിന് പിന്നിൽ തിരുവമ്പാടി ദേവസ്വത്തിലെ പ്രമുഖ ഭാരവാഹികളാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കോൺഗ്രസ്, സിപിഎം, ബിജെപി എന്നീ പ്രധാന രാഷ്ട്രീയ പാർട്ടികളുമായി അടുത്ത ബന്ധമുള്ളവരാണ്.