ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപമുള്ള ചരിത്രപ്രസിദ്ധമായ റേസ് കോഴ്സ് മസ്ജിദ് തൽക്കാലം പൊളിക്കില്ലെന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. പള്ളി പൊളിക്കാനുള്ള നീക്കങ്ങളിൽനിന്ന് സംരക്ഷണം ആവശ്യപ്പെട്ടും വിശ്വാസികൾക്ക് പ്രവേശനം നിഷേധിച്ചതിനെ ചോദ്യം ചെയ്തും സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കേന്ദ്രത്തിന്റെ വിശദീകരണം.
നിലവിൽ പള്ളി പൊളിക്കുന്നതിനുള്ള നടപടികളൊന്നും നടക്കുന്നില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സ്റ്റാൻഡിങ് കൗൺസൽ ആശിഷ് ദീക്ഷിത് ജസ്റ്റിസ് അനീഷ് ദയാലിന്റെ ബെഞ്ചിനെ അറിയിച്ചു. പ്രദേശത്തെ മറ്റ് അനധികൃത നിർമാണങ്ങൾ പൊളിക്കുന്നതിന്റെ ഭാഗമായി സുരക്ഷാ മുൻകരുതലെന്ന നിലയിലാണ് പള്ളിയിലേക്കുള്ള പ്രവേശനവും വൈദ്യുതി, കുടിവെള്ള കണക്ഷനുകളും താൽക്കാലികമായി നിർത്തിവച്ചതെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
അടുത്ത ദിവസങ്ങളിൽ പള്ളി പൊളിക്കില്ലെന്ന ഉറപ്പ് കോടതി ഉത്തരവിൽ രേഖപ്പെടുത്തണമോയെന്ന ചോദ്യത്തിന്, തന്റെ പ്രസ്താവന ഉത്തരവിന്റെ ഭാഗമാക്കേണ്ടതില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. വിഷയത്തിൽ വിശദമായ നിർദേശങ്ങൾ നൽകാൻ കേന്ദ്ര സർക്കാരിനോടും ഡൽഹി വഖഫ് ബോർഡിനോടും കോടതി ആവശ്യപ്പെട്ടു. എതിർകക്ഷികൾക്ക് നോട്ടീസ് അയച്ച കോടതി കേസ് ഒക്ടോബർ 29-ലേക്ക് മാറ്റി.