കണ്ണൂര്‍: കണ്ണൂര്‍ സ്വദേശികളായ വ്‌ളോഗര്‍മാര്‍ വാഹനാപടകത്തില്‍ മരിച്ച സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ കണ്ണൂര്‍ റേഞ്ച് ഡിഐജി കെ. കാര്‍ത്തികിന് നിര്‍ദ്ദേശം നല്‍കി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ടി.ഒ.മോഹനന്‍ എംഎല്‍എ ആഭ്യന്തര മന്ത്രിക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി.
കണ്ണൂര്‍ ജില്ലയിലെ വിവിധ സാമൂഹിക വിഷയങ്ങളില്‍ സജീവമായി ഇടപെടുകയും നിരന്തരം പ്രതികരിക്കുകയും ചെയ്തിരുന്ന അറിയപ്പെടുന്ന വ്‌ലോഗര്‍മാരായ ശിവത്തില്‍ അനൂപ്, ഷബീര്‍ താണ എന്നിവരാണ് വാഹനാപകടത്തില്‍ മരണപ്പെട്ടത്. കഴിഞ്ഞമാസം 15നായിരുന്നു അപകടം. മാഹി പള്ളി പെരുന്നാളിന്റെ റീല്‍സെടുക്കാനായി പോയ അനൂപും ഷബിറും സഞ്ചരിച്ച സ്‌കൂട്ടറിന് പിന്നില്‍ കാര്‍ ഇടിക്കുകയായിരുന്നു. നടാല്‍ ഊര്‍പ്പഴശിക്കാവിന് സമീപമായിരുന്നു അപകടം.
എന്നാല്‍, പൊതുവിഷയങ്ങളില്‍ ശക്തമായ നിലപാടുകളെടുത്തിരുന്ന ഇവരുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും തുടര്‍ന്നുള്ള പൊലീസ് അന്വേഷണത്തില്‍ ആശങ്കയുണ്ടെന്നും ബന്ധുക്കളും നാട്ടുകാരും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയം ഉന്നയിച്ച് ആഭ്യന്തര മന്ത്രിക്ക് എംഎല്‍എ നിവേദനം സമര്‍പ്പിച്ചത്. മരണത്തിലെ സംശയങ്ങളും പരാതികളും വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആഭ്യന്തര മന്ത്രി കണ്ണൂര്‍ റേഞ്ച് ഡിഐജി കെ. കാര്‍ത്തികിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.