ക്രാകോവ്: പോളണ്ടിലെ വിനോദസഞ്ചാര കേന്ദ്രമായ ക്രാകോവിൽ തോക്കുധാരി നടത്തിയ വെടിവയ്പ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. പത്തിലേറെ പേർക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് നഗരത്തിലെ മെയിൻ മാർക്കറ്റ് സ്‌ക്വയറിലായിരുന്നു സംഭവം. പൊലീസുകാരുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
കാറിലെത്തിയ അക്രമി മെയിൻ മാർക്കറ്റ് സ്‌ക്വയറിലേക്ക് പ്രവേശിച്ചശേഷം ആളുകൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു. ജനത്തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രമാണ് ഇവിടം. ആക്രമണത്തിനിടെ പൊലീസും അക്രമിയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. തുടർന്ന് പൊലീസിന്റെ വെടിയേറ്റ് അക്രമിക്ക് പരിക്കേറ്റു.
സംഭവത്തെത്തുടർന്ന് പ്രദേശത്ത് വൻ പൊലീസ് സന്നാഹവും ആംബുലൻസുകളും എത്തി. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോളണ്ടിലെ രണ്ടാമത്തെ വലിയ നഗരമാണ് ക്രാകോവ്. തലസ്ഥാനമായ വാഴ്‌സോയിൽനിന്ന് ഏകദേശം 250 കിലോമീറ്റർ അകലെയാണ് ക്രാകോവ്.