ടേക്ക് ഓഫിനിടെ യന്ത്രത്തകരാർ, ഉടനടി ബ്രേക്കിട്ട് പൈലറ്റ്, രക്ഷിച്ചത് 229 യാത്രക്കാരുടെ ജീവൻ

മംഗളൂരു: ടേക്ക് ഓഫിനായി റൺവേയിൽ നിന്ന് മുന്നോട്ടുനീങ്ങിയ വിമാനത്തിന് യന്ത്രത്തകരാർ കണ്ടെത്തി. പൈലറ്റ് ഉടൻ ബ്രേക്കിട്ട് നിർത്തിയതിനാൽ വൻ ആകാശദുരന്തമാണ് ഒഴിവായത്. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബംഗളൂരുവിലേക്ക് തിങ്കളാഴ്‌ച വൈകിട്ട് 6.10ന് പുറപ്പെടാനൊരുങ്ങിയ ഇൻഡിഗോ വിമാനത്തിലാണ് സംഭവം. 229 യാത്രക്കാരും ഏഴ് ജീവനക്കാരും വിമാനത്തിനുള്ളിൽ ഉണ്ടായിരുന്നു.

വിമാനം സാങ്കേതിക പ്രശ്‌നങ്ങളാൽ പറക്കാൻ കഴിയില്ലെന്ന് കണ്ടെത്തിയ പൈലറ്റ് ഉടനെ വിമാനം ബ്രേക്കിട്ട് നിർത്തുകയായിരുന്നു. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയശേഷം വിമാനം റൺവേയിൽ നിന്ന് മാറ്റി പാർക്കിംഗ് ബേയിൽ എത്തിച്ചു. എഞ്ചിനീയറിംഗ് അധികൃതർ വിമാനം പരിശോധിച്ചു.

എഞ്ചിൻ പ്രവർത്തനത്തിൽ തകരാർ സംഭവിച്ചതാണെന്നാണ് പ്രാഥമിക വിവരം.യാത്രക്കാർക്ക് താമസം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉടൻതന്നെ ഒരുക്കിയെന്നും അത്യാവശ്യമുള്ള 34 യാത്രക്കാരെ മറ്റൊരു വിമാനത്തിൽ രാത്രി 12.10ന് ബംഗളൂരുവിൽ എത്തിച്ചതായും വിമാനത്താവള അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *