ചെന്നൈ: മധുരയിലെ തിരുപ്പറൻകുണ്ട്രം കുന്നിൻമുകളിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ അനുമതി നൽകിയ സുപ്രീം കോടതി ഉത്തരവിനെതിരെ തമിഴ്നാട് സർക്കാർ പുനഃപരിശോധനാ ഹർജി നൽകി. നവംബർ 24-ന് പരമ്പരാഗത കാർത്തിക ദീപം തെളിയിക്കാൻ അനുമതി നൽകിയ ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം.
തമിഴ്നാട് ഹിന്ദുമത ധർമ്മസ്ഥാപന വകുപ്പ് (HR&CE) കമ്മീഷണറാണ് നവംബർ 21-ന് സുപ്രീം കോടതിയിൽ റിവ്യൂ ഹർജി സമർപ്പിച്ചത്.
കർശന ഉപാധികളോടെ ഒറ്റത്തവണത്തേക്ക് ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാമെന്നാണ് വെള്ളിയാഴ്ച സുപ്രീം കോടതി ഉത്തരവിട്ടത്. ജസ്റ്റിസുമാരായ അരവിന്ദ് കുമാറും വിപുൽ എം. പഞ്ചോളിയും ഉൾപ്പെട്ട ബെഞ്ചാണ് അനുമതി നൽകിയത്.
ദേവസ്ഥാനത്തിന്റെ അംഗീകൃത പ്രതിനിധികൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും മാത്രമേ ചടങ്ങിൽ പങ്കെടുക്കാൻ അനുവാദമുള്ളൂവെന്നും കോടതി വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാനും അധികൃതർക്ക് നിർദേശം നൽകിയിരുന്നു.
അതേസമയം, ഈ ഇടക്കാല അനുമതിയെ സ്ഥിരമായ ആചാരത്തിനുള്ള അംഗീകാരമായി കാണരുതെന്ന് സുപ്രീം കോടതി പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. കാർത്തിക ദീപം തെളിയിക്കൽ മതത്തിന്റെ അവിഭാജ്യ ഘടകമാണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിനുള്ള മാനദണ്ഡമായും ഉത്തരവിനെ പരിഗണിക്കരുത്. സ്ഥലത്തിന്റെ ഉടമസ്ഥാവകാശവും പ്രവേശനാവകാശവും സംബന്ധിച്ച തർക്കങ്ങളുടെ അന്തിമ തീർപ്പിനെയും ഉത്തരവ് ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
സുപ്രീം കോടതി ഉത്തരവിന് പിന്നാലെ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തിവരികയാണെന്ന് തമിഴ്നാട് നിയമമന്ത്രി ആർ. നിർമ്മൽ കുമാർ അറിയിച്ചിരുന്നു. അതേസമയം, കുന്നിൻമുകളിൽ ദീപം തെളിയിക്കാൻ അനുമതി നൽകിയ വിധി അംഗീകരിക്കാനാവില്ലെന്ന് സാമൂഹിക നീതി മന്ത്രി വന്നി അരസു പ്രതികരിച്ചിരുന്നു. കോടതി ഉത്തരവ് അനാവശ്യ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
സർക്കാർ ഉത്തരവുകൾ കാണൂ
സുപ്രീം കോടതി ഉത്തരവിനെതിരെ സർക്കാർ തന്നെ പുനഃപരിശോധനാ ഹർജി നൽകിയതോടെ തിരുപ്പറൻകുണ്ട്രം കാർത്തിക ദീപവുമായി ബന്ധപ്പെട്ട തർക്കം വീണ്ടും നിയമപോരാട്ടത്തിലേക്ക് നീങ്ങുകയാണ്.