28 സിക്‌സറുകൾ, 52 പന്തിൽ ഇരട്ട സെഞ്ച്വറി, യുഎഇ ബൗളർമാരെ അക്ഷരാർത്ഥത്തിൽ പഞ്ഞിക്കിട്ട് വൈഭവ് സൂര്യവംശി

ദോഹ: ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിലെ ഒരുകൂട്ടം ബാറ്റിംഗ് റെക്കോഡുകളെ തകർത്തെറിഞ്ഞിരിക്കുകയാണ് ഇന്ത്യൻ കൗമാരതാരം വൈഭവ് സൂര്യവംശി. ഇന്ത്യ എയും യുഎഇയും തമ്മിൽ ദോഹയിൽ നടന്ന റൈസിംഗ് സ്റ്റാർസ് ഏഷ്യാകപ്പ് മത്സരത്തിൽ തീപ്പൊരി ബാറ്റിംഗാണ് വൈഭവ് പുറത്തെടുത്തത്. യുഎഇ മുന്നോട്ടുവച്ച 250 റൺസ് എന്ന ഭേദപ്പെട്ട വിജയലക്ഷ്യത്തെ വൈഭവ് ഒറ്റയ്‌ക്കാണ് മറികടക്കാൻ സഹായിച്ചത്.

ലിസ്റ്റ് എ ക്രിക്കറ്റിൽ പല പുതിയ റെക്കോഡും ഇന്ന് വൈഭവിന്റെ പേരിലായി. 16 പന്തിൽ 50, 28 പന്തിൽ 100, 40 പന്തിൽ 150, 52 പന്തിൽ സിക്‌സറോടെ 200 എന്നിങ്ങനെ നേട്ടങ്ങൾ കൊയ്യാൻ വൈഭവിനായി. സിക്‌സർ നേട്ടത്തോടെ ചരിത്ര ഡബിൾസെഞ്ച്വറി നേടി ഉടൻ ബേസിൽ ഹമീദിന്റെ പന്തിൽ ആര്യൻഷ് ശർമ്മ പിടിച്ച് വൈഭവ് പുറത്താകുമ്പോ ഇന്ത്യയ്‌ക്ക് ജയം തൊട്ടടുത്തെത്തിയിരുന്നു. 15-ാം ഓവറിൽ ഇന്ത്യ വിജയം കൈപ്പിടിയിലൊതുക്കി.

ഇബ്രാർ ഷാ അഹമ്മദിന്റെ ഒരോവറിൽ മൂന്ന് സിക്‌സറുകളും മൂന്ന് ഫോറുകളുമടക്കം 30 റൺസ് വൈഭവ് അടിച്ചുകൂട്ടി. മിക്ക യുഎഇ ബൗളർമാരും അടികൊണ്ട് വശംകെട്ടു. രണ്ട് ഓവറിൽ 22 റൺസ് വഴങ്ങിയ സിമ്രൻ ജിത്ത് സിംഗ് ആയിരുന്നു ഭേദം. ഇബ്രാർ മൂന്നോവറിൽ 71 റൺസും ബാസിൽ 3.2 ഓവറിൽ 59 റൺസും വഴങ്ങി.

ലിസ്റ്റ് എ ക്രിക്കറ്റിൽ ഓസ്‌ട്രേലിയൻ താരം ജെയ്‌ക് ഫ്രേസർ മക്‌ഗ്രുക്കിന്റെ 29 പന്തുകളിൽ 100 എന്ന റെക്കോഡ് വൈഭവ് തകർത്തു. 103 പന്തുകളിൽ 200 എന്ന ന്യൂസിലന്റ് താരം ചാഡ് ബോവ്‌സിന്റെ റെക്കോഡ് തകർക്കാൻ വൈഭവിന് 52 പന്തുകളേ വേണ്ടിവന്നുള്ളൂ. 28 സിക്‌സറുകൾ നേടിയതിലും മുൻകാല റെക്കോഡ് വൈഭവ് തിരുത്തി. ഏഴ് ഫോറുകളും കൗമാരതാരം നേടി. പാകിസ്ഥാനോട് 48 റൺസിന് തോറ്റ ഇന്ത്യ ഇന്ന് വൈഭവിലൂടെ ആ ക്ഷീണവും അപമാനവുമെല്ലാം മറികടന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത യുഎഇ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 249 റൺസാണ് നേടിയത്. ഹർപ്രീത് സിംഗ് 144 പന്തുകളിൽ 130 റൺസ് നേടി. ബേസിൽ ഹമീദ് 36 പന്തുകളിൽ 36 നേടി. ഇന്ത്യയ്‌ക്കായി അർഷദ് ഖാൻ 43 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ വീഴ്‌ത്തി. 15-ാം ഓവറിൽ തന്നെ ഇന്ത്യ ജയിക്കുകയായിരുന്നു വൈഭവ് ആണ് കളിയിലെ താരം.

Leave a Reply

Your email address will not be published. Required fields are marked *