‘സെക്രട്ടറിയെ തള്ളിപ്പറഞ്ഞാല്‍ അവന്റെ അഡ്രസ് കാണില്ല’ സുകുമാരന്‍ നായര്‍

 

 

 

 

ചങ്ങനാശ്ശേരി: കെബി ഗണേഷ് കുമാറിനെ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പുറത്താക്കിയെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. കാലാവധി തീര്‍ന്നതിനാലാണ് ഗണേഷ് കുമാറിനെ ഒഴിവാക്കിയത്. ജനാധിപത്യപരമായ തീരുമാനമാണ് സ്വീകരിച്ചതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. പിന്തുണ നല്‍കിയെന്ന് ഗണേഷ് കുമാര്‍ പറഞ്ഞ 12 പേര്‍ നിലവിലെ കമ്മിറ്റിക്കാരല്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ജനറല്‍ സെക്രട്ടറിയെ ഗണേഷ് കുമാര്‍ തള്ളിക്കളഞ്ഞില്ലേ എന്ന ചോദ്യത്തിന് ആര്‍ക്കും ജനറല്‍ സെക്രട്ടറിയെ തള്ളിക്കളയാന്‍ പറ്റില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘അത് അവരുടെ വേലയാണ്, അതാണ് അവരുടെ തൊഴില്‍. ജനറല്‍ സെക്രട്ടറിയെ ആര്‍ക്കും തള്ളിപ്പറയാന്‍ പറ്റില്ല. തള്ളിപ്പറഞ്ഞാല്‍ അവന്റെ അഡ്രസ് കാണില്ല. ഞങ്ങള്‍ കാണിച്ചത് ജനാധിപത്യപരമാണോ എന്നത് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. വര്‍ഷങ്ങളായി ബോര്‍ഡില്‍ അംഗത്വം കിട്ടാതിരിക്കുന്നവര്‍ക്ക് കൊടുക്കണ്ടേ, പ്രവര്‍ത്തനം നോക്കിയാണ് ആളുകളെ മാറ്റുന്നത്. പരാതിയുണ്ടെങ്കില്‍ കേസ് കൊടുക്കാമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
നേരത്തെ പത്തനാംപുരം താലൂക്ക് യൂണിയനില്‍ നിന്ന് ഗണേഷ് കുമാര്‍ പുറത്തായിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വവും ഗണേഷ് കുമാറിന് നഷ്ടമായത്. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡിലെ ഒന്‍പത് പേരുടെ കാലാവധി അവസാനിച്ചിരുന്നു. ഇതില്‍ എട്ടുപേരുടെ അംഗത്വം പുതുക്കിനല്‍കി. എന്നാല്‍, ഗണേഷ് കുമാറിന്റേത് മാത്രം പുതുക്കിയില്ല. ഗണേഷിന് പകരം ബി.ആര്‍.കെ ബാബുവിനെയാണ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് എടുത്തിരിക്കുന്നത്. 12 പേരുടെ പിന്തുണ തനിക്കുണ്ടെന്ന് ഗണേഷ് കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. ജനറല്‍ സെക്രട്ടറിയെ പിന്തുണയ്ക്കുന്ന ആളാണ് താന്‍, പത്തനാപുരത്ത് എന്‍എസ്എസില്‍ നടന്ന കാര്യങ്ങള്‍ ശരിയല്ല. അതിലെ അഭിപ്രായ വ്യത്യാസം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്‍എസ്എസിനെ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ജനറല്‍ സെക്രട്ടറിക്ക് അധികാരമുണ്ടെന്നും ഗണേഷ് പറഞ്ഞിരുന്നു.
പത്തനാപുരം താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട വിവിധ ആരോപണങ്ങള്‍ ഗണേഷ് കുമാറിനെതിരേ ഉയര്‍ന്നിരുന്നു. പത്മ കഫെയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് താലൂക്ക് യൂണിയനില്‍നിന്ന് പകുതിയിലധികം അംഗങ്ങള്‍ രാജിവെക്കുകയും യൂണിയന്‍ പിരിച്ചുവിടുകയും ചെയ്തിരുന്നു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി ഗണേഷിന് അഭിപ്രായവ്യത്യാസങ്ങളും നിലനിന്നിരുന്നു. എന്‍എസ്എസ് നേൃത്വത്തിനെതിരേ ഗണേഷ് അടുത്തിടെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *