
വാഷിങ്ടണ്‍/ ടെഹ്റാന്‍: ഇടക്കാല വെടിനിര്‍ത്തല്‍ക്കരാറിനെ പ്രതിസന്ധിയിലാക്കി യുഎസും ഇറാനും ആക്രമണ പ്രത്യാക്രമണങ്ങള്‍ തുടരുന്നതിനിടെ തുടര്‍ ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലായി. ഇറാന്‍ ഒരു യോഗത്തിനായി അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ദോഹയില്‍ ഇത് നടക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. എന്നാല്‍ ഈ ആഴ്ച യുഎസുമായി ദോഹയില്‍ ടെക്നിക്കല്‍ വര്‍ക്കിങ് ഗ്രൂപ്പുകളുടെ ചര്‍ച്ചകളൊന്നും നിശ്ചയിച്ചിട്ടില്ലെന്നാണ് ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഘരിബബാദി പ്രതികരിച്ചിരിക്കുന്നത്. നേരത്തെ ഇതുമായി ബന്ധപ്പെട്ടുയര്‍ന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതിന് പിന്നാലെയാണ് ഇറാന്‍ ചര്‍ച്ചള്‍ക്ക് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നാളെ ചര്‍ച്ച നടത്തുമെന്നുമുള്ള ട്രംപിന്റെ അവകാശവാദം വന്നിരിക്കുന്നത്. ഇതിന് ശേഷം ഇറാന്റെ ഭാഗത്ത് നിന്ന് പ്രതികരണം ലഭ്യമായിട്ടില്ല.
അതേസമയം നിലവിലെ സംഭവ വികാസങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി സാങ്കേതിക ചര്‍ച്ച ദോഹയില്‍ നടക്കുമെന്ന് നയതന്ത്ര വിദഗ്ദ്ധരെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
ചരക്കുകപ്പല്‍ ആക്രമിച്ചതിനുള്ള മറുപടിയെന്നു പറഞ്ഞ് ഇറാന്റെ സൈനിക നിരീക്ഷണ കേന്ദ്രങ്ങള്‍, ആശയവിനിമയ സൗകര്യങ്ങള്‍, വ്യോമപ്രതിരോധസംവിധാനങ്ങള്‍, ഡ്രോണ്‍ സംഭരണകേന്ദ്രം, കടല്‍മൈനുകള്‍ സ്ഥാപിക്കാനുള്ള സംവിധാനങ്ങള്‍ എന്നിവ ശനിയാഴ്ച യു.എസ്. ആക്രമിച്ചിരുന്നു. തെക്കന്‍ ഇറാനിലെ സിറികില്‍ സ്ഫോടനമുണ്ടായി. പിന്നാലെ യു.എസിന് സൈനിക നടപടിയിലൂടെ ബാക്കി ദൗത്യം പൂര്‍ത്തിയാക്കേണ്ടിവരുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പുനല്‍കി. അതുകഴിഞ്ഞാന്‍ ഇറാന്‍ എന്ന രാജ്യം കാണില്ലെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി.
ട്രംപിന്റെ ഭീഷണിയുണ്ടായി ഒരുമണിക്കൂറിനകം കുവൈത്തിലെയും ബഹ്‌റൈനിലെയും യു.എസ്. താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ വീണ്ടും വ്യോമാക്രമണം നടത്തി. ശേഷം ആക്രമണങ്ങളില്‍ നിന്ന് തത്കാലം വിട്ടുനില്‍ക്കുകയാണെന്ന് ഇരുരാജ്യങ്ങളും അറിയിക്കുകയുണ്ടായി. പിന്നാലെയാണിപ്പോള്‍ ദോഹയില്‍ ചര്‍ച്ച നടക്കുമെന്ന വിവരവും പുറത്ത് വരുന്നത്. യുഎസ് പ്രതിനിധി സംഘത്തില്‍ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും ഉണ്ടായിരിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഈ മാസമാദ്യം ഒപ്പുവെച്ച ധാരണാപത്രം നിലവിലിരിക്കെ, ചൊവ്വാഴ്ചത്തെ ചര്‍ച്ചകള്‍ ആദ്യം സ്വിറ്റ്സര്‍ലന്‍ഡില്‍ നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ സാഹചര്യം കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് ദോഹയിലേക്ക് മാറ്റുകയായിരുന്നെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അക്സിയോസ് റിപ്പോര്‍ട്ട് ചെയ്തു.