തിരുവനന്തപുരം: ഗതാഗത തടസമുണ്ടാക്കി വഴി തടഞ്ഞതിന് സി.പി.എം നേതാവും മുൻ എം.എൽ.എയുമായ പി.പി.ചിത്തരഞ്ജന് കോടതി പിരിയുംവരെ നിൽപ്പ് ശിക്ഷയും 1600രൂപ പിഴയും. ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് റ്റാനിയ മറിയം ജോസാണ് ചിത്തരഞ്ജനടക്കം മൂന്ന് നേതാക്കളെ ശിക്ഷിച്ചത്.
സി.ഐ.ടി.യു നേതാക്കളായ പി.എം.വാഹിദ, എൻ.കെ.രാമചന്ദ്രൻ എന്നിവർക്കും ഇതേ ശിക്ഷ നൽകി. മൂവരും കോടതി മുറിയിൽ രാവിലെ മുതൽ വൈകിട്ട് വരെ നിൽക്കുകയും പിഴ ഒടുക്കുകയും ചെയ്ത ശേഷമാണ് പുറത്തിറങ്ങിയത്. 2025 ജനുവരി 17ന് കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ (സി.ഐ.ടി.യു) ആഭിമുഖ്യത്തിൽ പാളയം രക്തസാക്ഷി മണ്ഡപം മുതൽ സെക്രട്ടേറിയറ്റ് വരെയുള്ള റോഡിൽ ഗതാഗത തടസം സൃഷ്ടിച്ച് പ്രകടനം നടത്തിയെന്നാണ് കേസ്. സഹകരണ ആശുപത്രി ജീവനക്കാരെ സംരക്ഷിക്കുക, ശമ്പളം പരിഷ്‌കരിക്കുക എന്നിവ ഉന്നയിച്ചായിരുന്നു സമരം.