നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ സമാധിയായി

തിരുവനന്തപുരം: വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ (73) സമാധിയായി. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് വർക്കല ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിലായിരുന്നു സമാധി. നാരായണ ഗുരുകുലത്തിലെ ഗുരുപരമ്പരയിൽ അഞ്ചാമനായിരുന്നു.

പൊതുദർശനം ഇന്ന് ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് മൂന്നുവരെ ഗുരുകുലത്തിൽ. 3.30നാണ് സംസ്കാരം. ഡോ. ആർ.തമ്പാൻ എന്നാണ് പൂർവ്വാശ്രമത്തിലെ പേര്.

1953ൽ വർക്കലയ്ക്ക് അടുത്തുള്ള അകത്തുമുറിയിൽ കൊടിയിൽ വീട്ടിൽ രാമകൃഷ്ണന്റെയും പത്മത്തിന്റെയും മകനായി ജനിച്ചു. 1980ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് ബിരുദം നേടി. 1984-85ൽ കോട്ടയത്ത് മെഡിക്കൽ ഗവേഷണം നടത്തുന്ന കാലത്ത് ഗുരു നിത്യചൈതന്യയതിയെ കണ്ടുമുട്ടിയത് വഴിത്തിരിവായി.1986ൽ ഊട്ടി ഫേൺഹിൽ നാരായണ ഗുരുകുലത്തിൽ ഗുരു നിത്യചൈതന്യ യതിയുടെ ശിഷ്യത്വം സ്വീകരിച്ച് അന്തേവാസിയായി. യതിയിൽ നിന്നുതന്നെ ബ്രഹ്മചാരി ദീക്ഷയും സ്വീകരിച്ചു. 2002 ജനുവരി ഒന്നിന് ഗുരു മുനി നാരായണ പ്രസാദിൽ നിന്നു സന്യാസം സ്വീകരിച്ചതോടെ സ്വാമി തന്മയ ആയി മാറി. ലണ്ടനിലെ ശ്രീനാരായണ മിഷനിൽ താമസിച്ചുകൊണ്ട് ദാർശനിക പഠന പരിപാടികൾ നടത്തിയിട്ടുണ്ട്. പാശ്ചാത്യ ചിന്തകനായ സ്പിനോസയുടെയും നാരായണ ഗുരുവിന്റേയും ദർശനങ്ങൾ തമ്മിലുള്ള താരതമ്യ പഠനം ഗുരുകുലം മാസികയിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു വരികയായിരുന്നു.

നാരായണ ഗുരുകുലത്തിൽ എത്തുന്നവർക്ക് വൈദ്യ ഉപദേശം നൽകാനും എപ്പോഴും സന്നദ്ധനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *