കിളിമാനൂർ: മഴയോടൊപ്പം പനിയും,ആശുപത്രികൾ നിറഞ്ഞ് രോഗികൾ,ചെറിയ ചൂട്,തുമ്മൽ,പിന്നെ കിടുങ്ങലും ക്ഷീണവും.ചൂട് വിട്ടുമാറിയാലും ചുമയും കഫക്കെട്ടും മാറാൻ പിന്നെയും ആഴ്ചകളെടുക്കും. മഴയ്ക്കൊപ്പം കടന്നെത്തിയ വൈറൽ പനിയാണ് വില്ലനായിരിക്കുന്നത്.പനിക്കൊപ്പമുള്ള വയറിളക്കം രോഗികളെ കൂടുതൽ തളർത്തുന്നു.
പകൽ സമയത്തെ ചൂടും വൈകിട്ടത്തെ മഴയുമാണ് വില്ലനാകുന്നത്.രണ്ടാഴ്ചയ്ക്കിടെ നിരവധിപ്പേരാണ് വിവിധ ആശുപത്രികളിലായി പനി ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.ഓരോ ആഴ്ച പിന്നിടുമ്പോഴും പനി ബാധിതരുടെ എണ്ണം കൂടുകയാണ്.പനിബാധിതർ കൃത്യസമയത്ത് ഡോക്ടറെ കാണാറുമില്ല.മാസ്ക് ധരിക്കാത്തതും പനി പടരാൻ കാരണമാണ്.പനിബാധിതർ നിർബന്ധമായും ആശുപത്രികളിൽ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.സ്വയംചികിത്സ പാടില്ല.ഇത് സ്ഥിതി ഗുരുതരമാക്കും.പനി മാറിയാലും വിശ്രമം വേണം.
ശ്രദ്ധിക്കാൻ
രോഗം ബാധിച്ചവരും പനി മാറിയവരും പൂർണമായും വിശ്രമിക്കണം
ഉപ്പിട്ട കഞ്ഞിവെള്ളം,കരിക്കിൻ വെള്ളം,പഴങ്ങൾ എന്നിവ കഴിക്കുക
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
ഭക്ഷണം കഴിക്കുന്നതിന് മുൻപ് കൈകൾ സോപ്പുപയോഗിച്ച് കഴുകുക
കൊതുക് കടിയേൽക്കാതെ ശ്രദ്ധിക്കണം
കൈകാലുകളിൽ മുറിവുള്ളപ്പോൾ വെള്ളക്കെട്ടിൽ ഇറങ്ങരുത്
ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമെ മരുന്നുകൾ കഴിക്കാവൂ