നെയ്യാർ ഇറിഗേഷൻ കനാൽ അനാഥമാകുന്നു

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര താലൂക്കിലെ കൃഷിയിടങ്ങളിൽ ജലമെത്തിക്കുന്നതിനായി പണിത ഇറിഗേഷൻ കനാലുകൾ സംരക്ഷിക്കാതെ നശിക്കുന്ന അവസ്ഥയിൽ. നെയ്യാർ ഡാമിൽ നിന്നും ആരംഭിക്കുന്ന വലതുകര കനാൽ പലയിടത്തും പൊട്ടിപ്പൊളിഞ്ഞും കാടുകയറിയും നശിക്കുകയാണ്. 1951ൽ പണി തുടങ്ങി 73ൽ പൂർത്തീകരിച്ച നെയ്യാർഡാമിൽ നിന്നുമാണ് 33.4കിലോമീറ്റർ ദൂരമുള്ള വലതുകരകനാലും 33.82 കിലോമീറ്റർ ദൂരമുള്ള ഇടതുകര കനാലുകളും നിർമ്മിച്ചിട്ടുള്ളത്.

ഇതിൽ വലതുകര കനാലാണ് നെയ്യാറ്റിൻകര താലൂക്കിലൂടെ കടന്നുപോകുന്നത്. നെയ്യാർ ഇറിഗേഷന്റെ കീഴിൽ വരുന്ന കനാലുകൾ സംരക്ഷിക്കാനായി വർഷം തോറും നിശ്ചിത തുക മാറ്റിവയ്ക്കാറുള്ളത് ഇപ്പോൾ ഏതാണ്ട് നിലച്ച മട്ടാണ്.

അക്വഡേറ്റുകൾ അപകടാവസ്ഥയിൽ

വലതുകര കനാലിൽ കൊടങ്ങാവിള മുതൽ മണലിവിള ജംഗ്ഷൻ വരെ നീളുന്ന 700 മീറ്റർ ദൂരമുള്ള അക്വഡേറ്റ് ഇപ്പോൾ അപകടാവസ്ഥയിലാണ്. സിമന്റ് കൊണ്ട് പണിത ഈ തൊട്ടിപ്പാലത്തിൽ പലയിടത്തും ആലുകൾ പോലുള്ള വൃക്ഷങ്ങൾ വളർന്നു നിൽകുകയാണ്. ലക്ഷങ്ങൾ മുടക്കി പണിത ആദ്യകാല എൻജിനിയറിംഗ് വൈഭവത്തിന്റെ സാക്ഷ്യങ്ങളായ അക്വഡേറ്റുകൾ നശിക്കുന്നതിനെതിരെ ഇറിഗേഷൻ വകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. അക്വഡേറ്റിനുള്ളിൽ ശുചീകരണം നടത്താത്തതിനാൽ പലേടത്തും കാടും പടർപ്പും വർദ്ധിച്ചും ചപ്പുചവറുകൾ കുന്നുകൂടിയും വൃത്തിഹീനമായി കിടക്കുകയാണ്.

വെള്ളവും നിലച്ചു

കനാൽ വഴി കാർഷിക ആവശ്യത്തിനായി ജലം തുറന്നുവിടുന്നതും ഇപ്പോൾ നിലച്ചു. ഇതുകാരണം കനാലിന് ഇരുവശത്തുമുള്ള കരഭൂമിയിലുള്ള കൃഷിയും നശിച്ചു. കനാലിന് ഇരുവശത്തും പുതിയ വീടുകൾ നി‌ർമ്മിക്കപ്പെട്ടതിനാൽ കനാലിൽ നിന്നും ചോരുന്ന ജലം വീട്ടുവളപ്പിലേക്ക് ഒഴുകിയെത്തുന്നതായുള്ള വീട്ടുകാരുടെ പരാതി കണക്കിലെടുത്താണ് ജലം തുറന്നു വിടാത്തതെന്നാണ് അധികൃതരുടെ മറുപടി.

അക്വഡേറ്റും കനാലും സംരക്ഷിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *