മുഹമ്മ: മണ്ണഞ്ചേരി ബസ് സ്റ്റാൻഡിന് സമീപത്തെ ഓട്ടോ സ്റ്റാൻഡും മണ്ണഞ്ചേരി – കാട്ടുചിറ റോഡും ദിവസങ്ങളോളം വെള്ളക്കെട്ടിലാകാൻ
ചെറിയൊരു മഴ മതി. വെള്ളക്കെട്ട് പതിവായതോടെ ബസ് കാത്തിരിപ്പുകാരും കാൽനടക്കാരും വ്യാപാരികളും ഒരുപോലെ ദുരിതത്തിലാണ്. ഇതുവഴിയുള്ള വാഹനയാത്ര ദുഷ്‌കരവും അപകടം
പിടിച്ചതുമാണ്. കെട്ടിക്കിടക്കുന്ന വെള്ളം ബസ് കാത്തുനിൽക്കുന്നവരുടെ
ദേഹത്തേയ്ക്ക് തെറിക്കുന്നതും പതിവാണ്. വെള്ളക്കെട്ട് പഞ്ചായത്ത് ഓഫീസിന് മുന്നിലായിട്ടും പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാൻ ബന്ധപ്പെട്ട അധികൃതരോ,ജനപ്രതിനിധികളോ ഇതുവരെ തയ്യാറായിട്ടില്ല. മഴവെള്ളം തടസമില്ലാതെ ഒഴുകിപ്പോകുന്ന തരത്തിൽ കാനയും റോഡും ശാസ്ത്രീയമായി പുനഃക്രമീകരിച്ച് ഈ ദുരിതത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
കാനകൊണ്ട് കാര്യമില്ല
മഴവെള്ളം കാനയിലൂടെ ഒഴുകിപ്പോകാതെ റോഡിൽ തന്നെ ദിവസങ്ങളോളം കെട്ടിക്കിടക്കുന്നതാണ് ദുരിതത്തിന് ഇടയാക്കുന്നത്
റോഡിന്റെ തുടക്കം താഴ്ന്നും ഓട ഉയർത്തിയും നിർമ്മിച്ചതാണ് വെള്ളക്കെട്ടിന് രൂപപ്പെടാൻ കാരണം
ഇതേ നിർമ്മാണപ്പിഴവ് കാരണം കലവൂർ റോഡിന്റെ തുടക്കത്തിലും അമ്പലമുക്ക് ജംഗ്ഷന്റെ കിഴക്കുഭാഗത്തും വെള്ളക്കെട്ട് രൂപപ്പെടുന്നുണ്ട്