ലോകകപ്പിന് വമ്പന്‍ ഓഫറുകളുമായി സപ്ലൈകോ

 

തിരുവനന്തപുരം: ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കും ഫുട്‌ബോള്‍ ആരാധകര്‍ക്കും സപ്ലൈകോയുടെ വമ്പന്‍ സര്‍പ്രൈസ്. ജൂണ്‍ 15 മുതല്‍ ആരംഭിക്കുന്ന ‘സപ്ലൈകോ സോക്കര്‍ ഇലവന്‍’ എന്ന പ്രത്യേക ഓഫര്‍ പദ്ധതിയിലൂടെ ലോകകപ്പിലെ പ്രമുഖ 11 ടീമുകളെ സപ്ലൈകോയുടെ 11 ശബരി ഉത്പന്നങ്ങളുമായി ബന്ധപ്പെടുത്തി ആകര്‍ഷകമായ വിലക്കിഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഓരോ മത്സരത്തിലും ഒരു ടീം നേടുന്ന ഗോളുകളുടെ എണ്ണത്തിന് തുല്യമായ ശതമാനം വിലക്കിഴിവാണ് അതുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ശബരി ഉത്പന്നത്തിന് ലഭിക്കുക. ഉദാഹരണത്തിന്, ഒരു മത്സരത്തില്‍ ബ്രസീല്‍ മൂന്ന് ഗോള്‍ നേടിയാല്‍ ശബരി മഞ്ഞള്‍പ്പൊടിക്ക് അടുത്ത മത്സരം ആരംഭിക്കുന്നതുവരെ മൂന്ന് ശതമാനം വിലക്കിഴിവ് ലഭിക്കും. ഷൂട്ടൗട്ടില്‍ നേടുന്ന ഗോളുകള്‍ ഇതിനായി പരിഗണിക്കില്ല.
ഓരോ ടീമിന്റെയും വിലക്കിഴിവ് നിരക്ക് ആ ടീമിന്റെ അടുത്ത മത്സരം ആരംഭിക്കുന്നതുവരെ മാത്രമായിരിക്കും പ്രാബല്യത്തില്‍ ഉണ്ടാകുക. തുടര്‍ന്ന് പുതിയ മത്സരത്തിലെ ഗോള്‍നേട്ടത്തിന്റെ അടിസ്ഥാനത്തില്‍ വിലക്കിഴിവ് പുതുക്കി നിശ്ചയിക്കും. ഒരു ടീം ലോകകപ്പില്‍നിന്ന് പുറത്താകുന്ന ഘട്ടത്തില്‍ അതുമായി ബന്ധപ്പെട്ട ഓഫറും അവസാനിക്കും.
ബ്രസീല്‍, ജര്‍മനി, നെതര്‍ലാന്‍ഡ്, സ്‌പെയിന്‍, ബെല്‍ജിയം, ഫ്രാന്‍സ്, അര്‍ജന്റീന, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍, ക്രൊയേഷ്യ, മൊറോക്കോ എന്നീ ടീമുകളാണ് ‘സപ്ലൈകോ ഇലവന്‍’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ടീമുകളുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ശബരി ഉല്‍പ്പന്നങ്ങള്‍:
ബ്രസീല്‍ – ശബരി മഞ്ഞള്‍പ്പൊടി
ജര്‍മനി – ശബരി അപ്പംപൊടി
നെതര്‍ലന്‍ഡ്‌സ് – ശബരി സാമ്പാര്‍പ്പൊടി
സ്‌പെയിന്‍ – ശബരി പുട്ടുപൊടി
അര്‍ജന്റീന – ശബരി പായസം മിക്‌സ്
ബെല്‍ജിയം – ശബരി സൂപ്പര്‍ ഫൈന്‍ ഡസ്റ്റ് ടീ
പോര്‍ച്ചുഗല്‍ – ശബരി മുളകുപൊടി
ക്രൊയേഷ്യ – ശബരി വെളിച്ചെണ്ണ
ഇംഗ്ലണ്ട് – ശബരി ഉപ്പ്
മൊറോക്കോ – ശബരി ഹോട്ടല്‍ ബ്ലെന്‍ഡ് ടീ
ഫ്രാന്‍സ് – ശബരി ഗോള്‍ഡ് ടീ
പദ്ധതിയുടെ മറ്റൊരു പ്രധാന ആകര്‍ഷണം, ഈ 11 ടീമുകളില്‍ ഏതെങ്കിലും ഒരു ടീം ലോകകപ്പ് നേടുകയാണെങ്കില്‍ ആ ടീമുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ശബരി ഉത്പന്നം ഉപഭോക്താക്കള്‍ക്ക് പ്രത്യേക അധിക വിലക്കുറവില്‍ നല്‍കും. ലോകകപ്പ് ആവേശത്തെ ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധിപ്പിക്കുന്ന ഈ പ്രത്യേക ഓഫര്‍ പദ്ധതി ഫുട്‌ബോള്‍ ആരാധകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ആവേശകരമായ അനുഭവമാകുമെന്ന് സപ്ലൈകോ മാനേജിങ് ഡയറക്ടര്‍ അറിയിച്ചു. സപ്ലൈകോ വില്‍പ്പനശാലകളില്‍ നിലവില്‍ ലഭ്യമായ വിലക്കുറവിന് പുറമേയാണ് ഈ വിലക്കിഴിവ്.

 

Leave a Reply

Your email address will not be published. Required fields are marked *