വയനാട്ടിൽ വാഹനങ്ങളും ബസ്റ്റോപ്പും പള്ളിയും മണ്ണിനടയിൽ

കൽപ്പറ്റ കനത്ത മഴയെത്തുടർന്ന് വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിൽ മനുഷ്യനിർമ്മിത ദുരന്തമെന്ന് മന്ത്രി ടി. സിദ്ദിഖ്. തുരങ്കപാത നിർമ്മാണത്തിനായി അശാസ്ത്രീയമായ രീതിയിൽ കൂട്ടിയിട്ടിരുന്ന മണ്ണാണ് കനത്ത മഴയിൽ ഒലിച്ചിറങ്ങിയത്. ഇതാണ് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചതെന്നും നിർമ്മാണ കമ്പനിക്ക് ഗുരുതരമായ വീഴ്ച പറ്റിയെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. കൊങ്കൺ കമ്പനി അപകട മുന്നറിയിപ്പുകൾ പൂർണ്ണമായി അവഗണിച്ചതായും മന്ത്രി കടുത്ത ഭാഷയിൽ വിമർശിച്ചു.ഇന്ന് രാവിലെയാണ് കള്ളാടി മീനാക്ഷി പാലത്തിന് സമീപം നാടിനെ നടുക്കിയ മണ്ണിടിച്ചിൽ ഉണ്ടായത്. പാലത്തിനടുത്തുള്ള കൂറ്റൻ കുന്ന് ഇടിഞ്ഞ് നിർമ്മാണ സ്ഥലത്തേയ്ക്ക് പതിക്കുകയായിരുന്നു. മണ്ണ് വീണതോടെ പാലവും തകർന്നു. ബസ് സ്റ്റോപ്പും വാഹനങ്ങളും പാലവും പള്ളിയും മണ്ണിനടിയിലാണ്. അപകടത്തിൽ ഒരാൾ മരിച്ചതായി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. മണ്ണിൽ നിന്ന് പുറത്തെടുത്ത അഞ്ചു പേരെ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് എത്ര പേർ മണ്ണിനടിയിൽപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമല്ലെന്ന് നാട്ടുകാർ പറയുന്നു.തൊഴിലാളികളുമായി വന്ന രണ്ട് ബസുകൾ പൂർണ്ണമായും മണ്ണിനടിയിൽ പെട്ടിട്ടുണ്ട്. ഈ ബസുകൾക്കുള്ളിൽ തൊഴിലാളികൾ ഉണ്ടായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഇതിനുപുറമെ തൊഴിലാളികൾ വിശ്രമിച്ചിരുന്ന താൽക്കാലിക ഷെഡുകൾക്ക് മുകളിലേക്കും ബസ് സ്റ്റോപ്പിലേക്കും മണ്ണിടിഞ്ഞു വീണിട്ടുണ്ട്. ഒരു വീടും പള്ളിയും മണ്ണിടിച്ചിലിൽ പൂർണ്ണമായി തകർന്നു.

Leave a Reply

Your email address will not be published. Required fields are marked *