പാലക്കാട്∙പഴനി ആയക്കുടിയിൽ ലോറിയും,വാനുംകൂട്ടിയിടിച്ചുണ്ടായഅപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. കോരുത്തോട് പുതുപ്പറമ്പിൽ സജിനി ബാബുവാണ് ആശുപത്രിയിൽ മരിച്ചത്. കോരുത്തോട് സ്വദേശി ശശി, ഭാര്യ വിജയമ്മ (60), സുരേഷ് (52), ഭാര്യ രേഖ, മകൻ മനു (27), അഭിജിത് (14) എന്നിവർ നേരത്തേ മരിച്ചിരുന്നു.
രാത്രി 12 മണിയോടെയായിരുന്നു അപകടം. തമിഴ്നാട് റജിസ്ട്രേഷനുള്ള ലോറിയും കേരളത്തിൽ നിന്നുള്ള വാനും കൂട്ടിയിടിച്ചാണ് അപകടം. വാനിലുണ്ടായിരുന്നവരാണു മരിച്ചത്. പരുക്കേറ്റവരെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. പഴനിയിലേക്കു പോകുംവഴി ഇവര്‍ സഞ്ചരിച്ച വാൻ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ആദിത്യൻ (12) ആശുപത്രിയിൽ ചികിൽസയിലാണ്. പഴനിയിലെ സർക്കാർ ആശുപത്രിയിൽ നിന്നു പരുക്കേറ്റവരെ മധുരയിലെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു.







