കൊച്ചി: മോഷണം പതിവായി മാറിയിരിക്കുന്ന പ്രദേശത്ത് ഒടുവില്‍ കള്ളന്മാരുടെ പരാക്രമം എംഎല്‍എയുടെ വീട്ടിലും. മാത്യുകുഴല്‍നാടന്‍ എംഎല്‍എയുടെ പൈങ്ങോട്ടൂരില്‍ നിര്‍മ്മാണത്തില്‍ ഇരിക്കുന്ന വീട്ടില്‍ മോഷണം നടത്തിയ കള്ളന്മാര്‍ വയറുകളും കേബിളുകളും മോഷ്ടിച്ചു. കരാറുകാരന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.
നിര്‍മ്മാണത്തില്‍ ഇരിക്കുന്ന വീട്ടിലെ ഇലക്ട്രിക് ബോര്‍ഡില്‍ നിന്നുള്ള വയറുകളും ചെമ്പു കമ്പികളുമാണ് മോഷ്ടിച്ചു കൊണ്ടുപേകായിരിക്കുന്നത്. ഞായറാഴ്ച സന്ധ്യയ്ക്ക് ശേഷമായിരുന്നു മോഷണം. ഏകദേശം 50,000 രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
പ്രദേശത്ത് കേബിള്‍ മോഷണം പതിവായിരിക്കുകയാണെന്നാണ് വിവരം. നേരത്തേ ഒരു വീട്ടിലെ ഫ്രിഡ്ജില്‍ നിന്നും കേബിളുകള്‍ പോയിരുന്നു. ഇലക്ട്രിസിറ്റിബോര്‍ഡിന്റെ കേബിളുകളും മോഷണം പോയിരുന്നു. സ്ഥിരം മോഷണം നടത്തുന്ന സംഘത്തെയാണ് പോലീസ് സംശയിക്കുന്നത്. പോത്താനിക്കാട് പോലീസാണ് അന്വേഷണം നടത്തുന്നത്.
കള്ളന്മാര്‍ എംഎല്‍എ യുടെ വീട്ടില്‍ മോഷണം നടത്തി ; 50,000 രൂപയുടെ കേബിളുകള്‍ അടിച്ചുമാറ്റി…!