കോൺസ്റ്റബിളിന്റെ മുഖത്തേക്ക് പുക ഊതി, എസ്ഐയുടെ കൈ ബലമായി പിടിച്ചു തിരിച്ചു; യുവാവ് അറസ്റ്റിൽ

കോഴിക്കോട്∙ നടക്കാവ് എസ്ഐ എൻ.ലീലയെ ആക്രമിച്ച സംഭവത്തിലെ പ്രതി നെല്ലിക്കോട് ആന്തം ഫ്ലാറ്റിൽ താമസിക്കുന്ന കാസർകോട് പരപ്പ കരിമറ്റം അദിത്ത് ജോസഫിനെ (28) അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ട് പട്രോളിങ് ഡ്യൂട്ടിയുടെ ഭാഗമായി എസ്ഐയും സംഘവും സരോവരം ബവ്റിജസ് ഷോപ്പിനു സമീപം എത്തിയപ്പോഴാണു സംഭവം.

വാഹനം നിർത്തി പൊലീസ് സംഘം പൊതുസ്ഥലത്തു മദ്യപാനം നടക്കുന്നുണ്ടോ എന്നു പരിശോധിക്കാൻ തുടങ്ങി. എസ്ഐ വാഹനത്തിൽ ഇരിക്കുകയായിരുന്നു. ഈ സമയത്ത് അദിത്ത് ജോസഫും മറ്റൊരാളും റോഡരികിൽനിന്നു പുകവലിക്കുന്നതു ശ്രദ്ധയിൽപെട്ടു. ഒരു പൊലീസുകാരൻ അവരുടെ അടുത്തേക്കു ചെന്നപ്പോൾ അദിത്ത് ജോസഫ് അദ്ദേഹത്തിന്റെ മുഖത്തേക്കു പുക ഊതി. വാഹനത്തിൽ ഇരിക്കുന്ന എസ്ഐയെ കാണാൻ പൊലീസുകാരൻ അദിത്ത് ജോസഫിനോട് ആവശ്യപ്പെട്ടു.

വാഹനത്തിനു സമീപം എത്തിയ അദിത്ത് എസ്ഐ ലീലയോടു തട്ടിക്കയറി. പിന്നീട്, എസ്ഐയുടെ കൈ ബലമായി പിടിച്ചു തിരിച്ചു. ഇടതു കൈക്ക് സാരമായി പരുക്കേറ്റ എസ്ഐയെ ബീച്ച് ആശുപത്രിയിലും പിന്നീട് ജില്ലാ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എസ്ഐയെ ആക്രമിച്ചശേഷം കടന്നു കളയാൻ ശ്രമിച്ച അദിത്ത് ജോസഫിനെ പൊലീസുകാർ പിടികൂടി സ്റ്റേഷനിൽ എത്തിച്ചു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. നടക്കാവ്, ടൗൺ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *