ജമന്തിക്ക് വില 600 രൂപ വരെ,​ ബന്തിക്ക് 200; ഓണത്തിന് പൂക്കളം തീർക്കാൻ ചെലവേറും

പത്തനംതിട്ട : ഓണാഘോഷം തുടങ്ങിയതോടെ പൂക്കൾക്ക് തീവിലയാണ് വിപണിയിൽ. ബന്തിയുടെ വില കിലോയ്ക്ക് 180 രൂപ മുതൽ 200 വരെയാണ്. ജമന്തി 500 രൂപ മുതൽ 600 വരെയായി. മുൻ വർഷങ്ങളേക്കാൾ ഇരട്ടിയായി പൂക്കളുടെ വില.
ഇത്തവണത്തെ മഴക്കെടുതിയും പൂക്കളുടെ വില കൂടാൻ കാരണമായിട്ടുണ്ടെന്നാണ് മൊത്തക്കച്ചവടക്കാർ പറയുന്നത്. മൈസൂർ, തെങ്കാശി, ബംഗളൂരു, ഹോസൂർ, ശങ്കരൻ കോവിൽ എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് പ്രധാനമായും പൂക്കൾ എത്തുന്നത്. ജില്ലയിൽ നിരവധി പേർ ഓണം വിപണി ലക്ഷ്യമിട്ട് പൂക്കൃഷി ചെയ്തിരുന്നു. എന്നാൽ മിന്നൽ പ്രളയത്തിൽ കൃഷി നശിച്ചു. ഗതാഗത ചെലവും കയറ്റുമതി, ഇറക്കുമതി ചെലവ് കൂടിയതും വില വർദ്ധനവിന് കാരണമായി. സീസൺ മുതലാക്കാൻ വൻകിട കച്ചവടക്കാർ നടത്തുന്ന കൃത്രിമ ക്ഷാമവും വില വർദ്ധനവിന് കാരണമായിട്ടുണ്ട്.

പൂക്കളുടെ വില (കിലോ ഗ്രാമിൽ)
ബന്തി (ചെണ്ടുമല്ലി) : 180 – 200 രൂപ
ജമന്തി : 500 – 600 രൂപ
വാടാമല്ലി : 200 – 250 രൂപ
അരളി : 550 രൂപ
റെഡ് റോസ് : 400 – 450 രൂപ
ട്യൂബ് റോസ് : 650 രൂപ
കുടുംബശ്രീയിൽ വില 150
വിപണിയിൽ കൂടിയ വില ഈടാക്കുമ്പോൾ കുടുംബശ്രീ കിലോയ്ക്ക് 150 രൂപയ്ക്കാണ് ബന്ദിപ്പൂക്കൾ വിൽക്കുന്നത്. നിരവധിയാളുകൾ പൂക്കൾക്കായി കുടുംബശ്രീയെ സമീപിക്കുന്നുണ്ട്. ഓറഞ്ച്, മഞ്ഞ ബന്ദികളാണ് കുടുംബശ്രീക്കാർ കൃഷി ചെയ്തിരിക്കുന്നത്.
വലിയ തുക മുടക്കിയാണ് സംസ്ഥാനത്തിന്റെ പുറത്തുനിന്ന് പൂ വിപണിയിലെത്തിക്കുന്നത്. സ്ഥിരമായി പൂക്കൃഷി നടത്തി കുടുംബശ്രീകളെ ഉപയോഗിച്ച് വലിയ വിപണി ഉറപ്പാക്കാം.

പ്രേംകുമാർ
എ.കെ.എഫ്.എം.എ സംസ്ഥാന സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *