കണ്ണൂർ: സഹോദരിയെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള വിരോധത്തെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പേർക്ക് ഏഴ് വർഷം തടവും പിഴയും. തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചു.
കാസർകോട് ഒളവറ പുത്തൻപുരയിൽ ഫസലുൽ റഹ്മാനെ വധിക്കാൻ ശ്രമിച്ച കേസിലാണ് പന്നിയൂർ പള്ളിവയൽ സ്വദേശികളായ ബത്താലി ബി. മുബാറക്, അബ്ദുല്ല, ഇവരുടെ സുഹൃത്ത് പി. ഇബ്രാഹിം എന്നിവർ ശിക്ഷിക്കപ്പെട്ടത്.
പല വകുപ്പുകളിലായി ഒന്നും രണ്ടും പ്രതികൾക്ക് 12 വർഷവും മൂന്നാം പ്രതിക്ക് ഒൻപത് വർഷവും തടവ് വിധിച്ചെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. ഒന്നും രണ്ടും പ്രതികൾ 2.20 ലക്ഷം രൂപ വീതവും മൂന്നാം പ്രതി 1.20 ലക്ഷം രൂപയും പിഴയടയ്ക്കണം. ഇതിൽ നിന്ന് അഞ്ച് ലക്ഷം രൂപ ഫസലുൽ റഹ്മാന് നൽകാനും കോടതി ഉത്തരവിട്ടു.
2019 ജനുവരി 20നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂരിൽ നിന്ന് സ്കൂട്ടറിൽ മടങ്ങുകയായിരുന്ന ഫസലുൽ റഹ്മാനെ പുഷ്പഗിരി ഒമാൻ മസ്ജിദിന് സമീപം തടഞ്ഞുനിർത്തി പ്രതികൾ മർദിച്ചു. തുടർന്ന് ബൈക്കിൽ ബലമായി കയറ്റി പന്നിയൂർ വില്ലേജ് ഓഫിസിന് സമീപത്തെ റബർ തോട്ടത്തിലെത്തിച്ച് വീണ്ടും ക്രൂരമായി മർദിക്കുകയായിരുന്നു. ആക്രമണത്തിൽ ഫസലുൽ റഹ്മാന്റെ കാൽമുട്ടിന്റെ എല്ല് തകർന്നു.
സഹോദരിയെ പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു; മൂന്നുപേർക്ക് 7 വർഷം തടവ്