ഗംഗയിൽ ബോട്ട് അപകടം; ഒഴുക്കിൽപ്പെട്ടത് 30 ദിവസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ പത്തുപേർക്ക് രക്ഷകരായി ബിഎസ്എഫ്

മുർഷിദാബാദ്: ഗംഗാനദിയിൽ ബോട്ട് മറിഞ്ഞതിനെ തുടർന്ന് ശക്തമായ ഒഴുക്കിൽപ്പെട്ട് ഇന്ത്യൻ ഭാഗത്തേക്ക് എത്തിയ പത്ത് ബംഗ്ലാദേശ് പൗരന്മാരെ രക്ഷപ്പെടുത്തി ബിഎസ്എഫ്. രക്ഷപ്പെടുത്തിയവരിൽ 30 ദിവസം മാത്രം പ്രായമുള്ള കുഞ്ഞും ഉൾപ്പെടുന്നു. കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായിരുന്നതിനാൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി.

മുർഷിദാബാദിൽ വിന്യസിച്ചിരിക്കുന്ന ബിഎസ്എഫിന്റെ 71-ാം ബറ്റാലിയനിലെ സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബംഗ്ലാദേശിലെ ചപ്പായ് നവാബ്ഗഞ്ചിൽ നിന്ന് ജോഹർപൂരിലേക്ക് പോകുകയായിരുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ട് മറിഞ്ഞതിനെ തുടർന്ന് യാത്രക്കാരായ 10 പേർ ശക്തമായ ഒഴുക്കിൽപ്പെട്ട് ഇന്ത്യൻ ഭാഗത്തേക്ക് ഒഴുകിയെത്തുകയായിരുന്നു.

അപകടവിവരം ലഭിച്ചതിനെ തുടർന്ന് ഗംഗയിൽ പട്രോളിംഗ് നടത്തുകയായിരുന്ന ബിഎസ്എഫിന്റെ സ്പീഡ് ബോട്ടിലെത്തിയ സേനാംഗങ്ങൾ ഒഴുക്കിൽപ്പെട്ടവരെ സുരക്ഷിതമായി കരയിലെത്തിച്ചു. രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. രക്ഷപ്പെടുത്തിയവരിൽ നാല് പുരുഷന്മാരും മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് ഉണ്ടായിരുന്നത്. കുട്ടികളിൽ ഒരാൾക്ക് ഒരു മാസം മാത്രമാണ് പ്രായം. ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിന് ബിഎസ്എഫ് ഉദ്യോഗസ്ഥർ അടിയന്തര ചികിത്സ നൽകി ആശുപത്രിയിലെത്തിച്ചു.

രക്ഷാപ്രവർത്തനവും മറ്റ് നടപടികളും പൂർത്തിയാക്കിയ ശേഷം 10 ബംഗ്ലാദേശ് പൗരന്മാരെയും ബംഗ്ലാദേശ് ബോർഡർ ഗാർഡിന്റെ 33ാം ബറ്റാലിയന് കൈമാറിയതായി ബിഎസ്എഫ് അറിയിച്ചു. അപകടത്തിൽപ്പെട്ട് ഇന്ത്യൻ ഭാഗത്തേക്ക് ഒഴുകിയെത്തിയ ബംഗ്ലാദേശ് പൗരന്മാർക്ക് സമയോചിതമായി ഇടപെട്ടാണ് ബിഎസ്എഫ് രക്ഷാകവചമായത്.

Leave a Reply

Your email address will not be published. Required fields are marked *