ഡൽഹിയിൽ വീണ്ടും കൊടുംക്രൂരത; 17കാരിയെ ബലാത്സംഗം ചെയ്‌ത് കുത്തിക്കൊന്നു, പ്രതികളിൽ പ്രായപൂർത്തിയാകാത്തവരും

ന്യൂഡൽഹി: പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്‌ത ശേഷം കുത്തികൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത മൂന്നുപേർ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. ഡൽഹിയിലാണ് സംഭവം. ഇക്കഴിഞ്ഞ 13-ാം തീയതിയാണ് അഴുകിയ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തെരുവുനായ്‌ക്കൾ ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. പെൺകുട്ടിയാണോ ആൺകുട്ടിയാണോ എന്നുപോലും അറിയാത്ത നിലയിലായിരുന്നു മൃതദേഹം.
കൊല്ലപ്പെട്ട പെൺകുട്ടിയും പ്രതികളും തമ്മിൽ മുൻ പരിചയമുണ്ടെന്നാണ് പൊലീസ് പറയുന്നത്. കുറ്റകൃത്യം നടക്കുന്ന സമയം ഇവർ ടെമ്പോയിൽ യാത്ര ചെയ്യുകയായിരുന്നു. മദ്യലഹരിയിലായിരുന്ന പ്രതികൾ കുട്ടിയെ പീ‌ഡിപ്പിച്ച ശേഷം കുത്തി കൊലപ്പെടുത്തി മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. മദ്ധ്യഡൽഹിയിലെ കുഷക് റോഡിലുള്ള ജയ്‌പാൽ റാണയുടെ കൃഷിയിടത്തിന് സമീപത്തുനിന്നാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ ഒരു കൈ ശരീരത്തിൽ നിന്ന് വേർപെട്ട നിലയിലായിരുന്നു.
പെൺകുട്ടിയെ കാണാതായിട്ടും കുടുംബം പരാതി നൽകിയിരുന്നില്ല. കുട്ടി ഇടയ്‌ക്കിടെ വീട്ടിൽ നിന്ന് പോകാറുണ്ടെന്നും ദിവസങ്ങൾക്ക് ശേഷമാണ് മടങ്ങിയെത്തുന്നതെന്നുമാണ് കുടുംബം പൊലീസിനോട് പറഞ്ഞത്. പോക്‌സോ നിയമപ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സാക്ഷികളില്ലാത്ത കേസായതിനാൽ പ്രതികളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അമ്പതിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. തുടർന്ന് വാഹനത്തിന്റെ നമ്പർ കണ്ടെത്തി പ്രതികളിലേക്ക് എത്തുകയായിരുന്നു.
ഖഡ്ഡ കോളനിയിൽ താമസിക്കുന്ന ശിവം (സുദാമ, ചുച്ചു) ആണ് പ്രായപൂർത്തിയായ പ്രതി. മറ്റ് മൂന്ന് പ്രതികൾക്കും 16, 17 വയസാണ്. കൊലപാതകത്തിനായി ഉപയോഗിച്ച രണ്ട് കത്തികൾ, പ്രതികൾ ധരിച്ചിരുന്ന വസ്‌ത്രങ്ങൾ, വാഹനം എന്നിവ പൊലീസ് കണ്ടെടുത്തു. ഫോറൻസിക്, സാങ്കേതിക തെളിവുകൾ ഉൾപ്പെടെ പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *