ഷൂട്ടിംഗിൽ ചരിത്രം സൃഷ്ടിച്ച് മലയാളി താരം; ഏഷ്യൻ ഗെയിംസിൽ വിദർശ കെ വിനോദ് വെള്ളി നേടി

ടോക്കിയോ: ചരിത്രത്തിലാദ്യമായി ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ ഒരു മലയാളി താരം വെള്ളിമെഡൽ അണിയുന്നു. ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. കോഴിക്കോട് തിരുവമ്പാടി സ്വദേശി ആണ് വിദർശ. വിദർശയെ സംബന്ധിച്ചിടത്തോളം പ്രതിസന്ധികളെ തരണം ചെയ്ത് നേടിയ വലിയൊരു നേട്ടമാണിത്.
10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് വിദർശ മെഡൽ കരസ്ഥമാക്കിയത് . വിദർശയുൾപ്പെടുന്ന മുന്നംഗ ടീമാണ് ഫൈനലിൽ എത്തിയതും വെള്ളി മെഡൽ കരസ്ഥമാക്കിയതും. പങ്കെടുത്ത ആദ്യ ഏഷ്യൻ ഗെയിംസിൽ തന്നെ മെഡൽ കരസ്ഥമാക്കിയതിനാൽ വിദർശയുടെ നേട്ടത്തിന് പത്തരമാറ്റ് തിളക്കമുണ്ട്. ഇനി ഏഷ്യൻ ഗെയിംസിൽ 50 മീറ്റർ ഇനത്തിലും മത്സരിക്കുന്നുണ്ട്.
എട്ട് വർഷം മുമ്പ് എൻസിസിയിലൂടെ ഷൂട്ടിംഗിന്റെ വഴിയിലെത്തിയ ആളാണ് വിദർശ. പിന്നീട് അത് പ്രഫഷണലായി ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ആദ്യകാലത്ത് കടം വാങ്ങിയ ഉപകരണങ്ങളിലാണ് പരിശീലനം നടത്തിയിരുന്നത്. കരിയറിൽ പ്രതിസന്ധി നേരിട്ട സമയത്ത്, കായിക താരവും പിന്നീട് ഭർത്താവുമായ മനു എസ്. രവി ചോദിച്ച ചോദ്യമാണ് വിദർഷയുടെ ജീവിതത്തിൽ വഴിത്തിരിവായത്. “സ്വന്തമായി ഒരു റൈഫിൾ വാങ്ങിക്കൂടേ?” എന്ന അദ്ദേഹത്തിന്റെ ചോദ്യം തന്റെ സ്വപ്നത്തിനായി വലിയൊരു ചുവടുവെക്കാൻ വിദർശയ്ക്ക് പ്രചോദനമായി.
മകളുടെ ഷൂട്ടിംഗ് കരിയറിനായി 2021-ൽ കുടുംബം വായ്പയെടുത്താണ് ആദ്യമായി ഒരു പ്രൊഫഷണൽ റൈഫിൾ വാങ്ങി നൽകിയത്. ഭർത്താവ് മനുവിന്റെയും കോച്ച് മനോജ് കുമാറിന്റെയും പിന്തുണയോടെ പരിശീലനം മെച്ചപ്പെടുത്തിയ വിദർശ, 2022-ൽ തന്റെ ആദ്യ ദേശീയ മെഡൽ സ്വന്തമാക്കി. തുടർന്ന് കഠിന പരിശ്രമത്തിലൂടെയാണ് ഇപ്പോൾ ഏഷ്യൻ ഗെയിംസ് ഇന്ത്യൻ സ്ക്വാഡിൽ ഇടംനേടിയത്. സാമ്പത്തിക പ്രയാസങ്ങളെയും മറ്റ് പ്രതിസന്ധികളെയും അതിജീവിച്ചാണ് വിദർശ കെ. വിനോദ് കേരളത്തിൽ നിന്ന് ദേശീയ അന്തർദേശീയ വേദികളിലേക്ക് ഉയർന്നുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *