ടെഹ്റാൻ: ഇറാനിലെ ഖ്വേഷം ദ്വീപിൽ നിയന്ത്രിത വ്യോമ പ്രതിരോധ ആക്രമണം നടത്തിയിരിക്കുകയാണ് അമേരിക്ക. ഇനിയും ആക്രമണങ്ങൾ ഉണ്ടായേക്കാമെന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇതിനിടെ തങ്ങളുടെ പൗരന്മാരോട് ആണവാക്രമണമുണ്ടായാൽ ചെയ്യേണ്ടതെന്തെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇറാൻ. ആണവ സ്ഫോടനമുണ്ടായാൽ എങ്ങനെ ഒളിക്കണമെന്നും ആണവവികിരണങ്ങൾ ഏൽക്കാതിരിക്കാൻ എന്തുചെയ്യണമെന്നും നിർദ്ദേശമടങ്ങുന്ന എട്ട് മിനിട്ട് ദൈർഘ്യമുള്ളൊരു വീഡിയോയാണ് പുറത്തിറക്കിയതെന്നാണ് വിവരം. ഇറാനിയൻ ഔദ്യോഗിക മാദ്ധ്യമമായ ഐആർഎൻഎയാണ് വീഡിയോ സന്ദേശം രാജ്യത്താകെ നൽകിയത്.
ജനാലകൾക്കരികിൽ നിന്നും മാറിനിൽക്കണമെന്നും എയർ കണ്ടീഷണറുകൾ ഓഫ് ചെയ്യണമെന്നും സുരക്ഷിതത്വമില്ലാത്തിടത്ത് നിൽക്കേണ്ടിവന്നാൽ എന്ത് ചെയ്യണമെന്നും വീഡിയോ സന്ദേശത്തിലുണ്ടെന്നാണ് വിവരം. ഒരു ആക്രമണമുണ്ടായാൽ 24 മണിക്കൂറെങ്കിലും ഒളിച്ചിരിക്കണം, പായ്ക്ക് ചെയ്ത ആഹാരവും വെള്ളവും ഉപയോഗിക്കണം, വാഹനങ്ങൾക്കുള്ളിൽ കയറി ഒളിക്കരുത് കാരണം പൊതുസ്ഥലങ്ങളിൽ ഇത്തരമൊരു ആക്രമണമുണ്ടായാൽ റേഡിയോ ആക്ടീവ് ഭാഗങ്ങളുണ്ടാകാം. വായുവിലൂടെ ഇവ സഞ്ചരിക്കാമെന്നതിനാൽ പൊതുസ്ഥലത്ത് നിൽക്കരുത്. ആക്രമണകേന്ദ്രത്തിൽ നിന്നും ഏറെ അകലെനിൽക്കുന്നവർക്ക് പോലും ഇത് അപകടകരമാണ്.
ഒക്ടോബർ 29നാണ് ഈ ഔദ്യോഗിക മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. 2025 ജൂണിൽ ഇസ്രയേൽ-അമേരിക്ക ആക്രമണത്തിൽ ഇറാനിലെ ന്യൂക്ളിയാർ കേന്ദ്രങ്ങളിൽ കേടുപാട് സംഭവിച്ചിരുന്നു. എന്നാൽ അന്ന് നിശ്ചിത ദൂരത്ത് മാത്രമാണ് ആണവവികരണ ചോർച്ച ഉണ്ടായതെന്ന് ഇറാൻ ഭരണകൂടം അറിയിച്ചിരുന്നു.
നഥാൻസിലെ ഭൂമിക്കടിയിലുള്ള ഇറാന്റെ ആണവകേന്ദ്രം ആക്രമിച്ചേക്കുമെന്ന് ഒക്ടോബർ 16ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചിരുന്നു. എന്നാൽ ആണവായുധമാണോ ഉപയോഗിക്കുക എന്നത് അന്ന് വ്യക്തമാക്കിയിരുന്നില്ല. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇവിടം ആണവായുധം ഉപയോഗിച്ച് ആക്രമിക്കാൻ അമേരിക്കയെ നിർബന്ധിക്കുന്നുണ്ടെന്ന് അമേരിക്കൻ മാദ്ധ്യമപ്രവർത്തകൻ ടക്കർ കാൾസൺ വെളിപ്പെടുത്തിയത് കഴിഞ്ഞദിവസമാണ്. ഇതിനിടെയാണ് ഭരണകൂടം ആണവാക്രമണത്തെ പ്രതിരോധിക്കാൻ വീഡിയോ തയ്യാറാക്കി നൽകിയത്.
നേരത്തെ ഇറാനിലെ ഖ്വേഷം ദ്വീപിൽ അമേരിക്ക രഹസ്യ സൈനികാക്രമണം നടത്തിയത് ഹോർമുസ് കടലിടുക്കിലെ ഇറാന്റെ സൈനിക നീക്കങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണെന്ന വിവരം പുറത്തുവന്നിരുന്നു. വാൾസ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആക്രമണം വലിയ തോതിലുള്ള സൈനിക നീക്കങ്ങളുടെ പുനഃരാരംഭമല്ലെന്ന് ഒരു അമേരിക്കൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളെ ഇറാന്റെ ആക്രമണങ്ങളിൽനിന്ന് സംരക്ഷിക്കാനാണ് നടപടിയെന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാൽ, ആക്രമണത്തെക്കുറിച്ച് അമേരിക്ക ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഖ്വേഷം ദ്വീപിൽ തുടർച്ചയായി അഞ്ച് സ്ഫോടനങ്ങൾ കേട്ടതായും രണ്ട് വിമാനങ്ങൾ ആകാശത്ത് പറക്കുന്നത് കണ്ടതായും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.