പുൽപ്പള്ളിയിൽ മദ്യപാനത്തിനിടെ തർക്കം; വെട്ടേറ്റ യുവാവ് മരിച്ചു, രണ്ട് തമിഴ്നാട് സ്വദേശികൾ കസ്റ്റഡിയിൽ

വയനാട്: വയനാട് പുൽപ്പള്ളിയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ വെട്ടേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. താമരശേരി കൂടത്തായി സ്വദേശി ലൈജുവാണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കൊല്ലം തഴവ സ്വദേശി ഷഫീഖ് അബ്ദുൽ സലാം ചികിത്സയിൽ തുടരുകയാണ്.

പുൽപ്പള്ളി ആനപ്പാറയിലെ വാടക കോട്ടേജിൽ ഇന്നലെ രാത്രി ഒൻപതരയോടെയായിരുന്നു സംഭവം. ലൈജുവും ഷഫീഖും ഒരുമിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു. ഈ സമയം തമിഴ്നാട് നാഗപട്ടണം സ്വദേശിയായ പനീ‌ർ സെൽവം ഇവരുടെ മുറിയിലേയ്ക്ക് കടന്നുവരികയും ഇവർ തമ്മിൽ വാക്കുതർക്കമുണ്ടാകുകയുമായിരുന്നു. ഇതിനിടെ പനീർ സെൽവം തന്റെ സുഹൃത്തായ ശേഖറിനെ സ്ഥലത്തേയ്ക്ക് വിളിച്ചുവരുത്തി.

തുടർന്ന് ഇരുവരും ചേർന്ന് ലൈജുവിനെയും ഷഫീഖിനെയും ആയുധം ഉപയോഗിച്ച് ക്രൂരമായി വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. പിന്നാലെ ഗുരുതരമായി പരിക്കേറ്റ ലൈജുവിനെയും ഷഫീഖിനെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് ലൈജുവിന്റെ മരണം.

സംഭവത്തിൽ പനീർ സെൽവത്തിനെയും ശേഖറിനെയും പുൽപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പ്രതികളെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *