ന്യൂഡല്‍ഹി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ സമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രത്യേകം പരീക്ഷ നടത്തണമോ എന്ന കാര്യം ഹൈക്കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീംകോടതി. ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഹര്‍ജി വീണ്ടും പരിഗണിക്കണമെന്നും പരീക്ഷ നടത്താനാണ് കോടതി പറയുന്നതെങ്കില്‍ സര്‍വകലാശാല അതിനുള്ള സൗകര്യം ചെയ്തു കൊടുക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.
പ്രത്യേകം പരീക്ഷ നടത്താന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം. നേരത്തേ ഈ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ബഞ്ച് തള്ളിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയില്‍ എത്തിയത്. അതേസമയം സര്‍വകലാശാലയില്‍ പി.ജി. വിദ്യാര്‍ത്ഥികളുടെ പരീക്ഷ ഇന്നലെ തുടങ്ങിയിരുന്നു. യു.ജി. വിദ്യാര്‍ത്ഥികളുടെ പരീക്ഷ നാളെയും തുടങ്ങും.
സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നെങ്കിലും, ഇതിനെതിരെ സര്‍വകലാശാലയും വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസും ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുകയും, വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അനുമതി നിഷേധിച്ചുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് ഉണ്ടാവുകയും ചെയ്തു. ഹാജരില്ലായ്മയും അച്ചടക്കലംഘനവുമാണ് സര്‍വകലാശാല ചൂണ്ടിക്കാണിക്കുന്നത്.
പിന്നീട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെ സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സ്‌പെഷല്‍ ലീവ് പെറ്റീഷനായിരുന്നു നല്‍കിയത്. ഇതാണ് ഹൈക്കോടതി സിംഗിള്‍ബഞ്ച് അടിയന്തിരമായി പരിഗണിച്ച് തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. പരീക്ഷയെഴുതാന്‍ അവസരം നല്‍കണമെന്നാണ് വിധിയെങ്കില്‍ അതിനുള്ള സൗകര്യം സര്‍വകലാശാല ചെയ്തുകൊടുക്കണമെന്നും നിര്‍ദേശിച്ചു. ഏഴു വിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷയെഴുതാന്‍ കഴിയാത്ത സ്ഥിതിയുള്ളത്.